
പാരിപ്പള്ളി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാരിപ്പള്ളിയിലെ പ്ലാന്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ പ്ലാന്റിന്റെ പ്രവർത്തനം മുടങ്ങി. ഇന്നലെ രാവിലെയാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാർ ജോലിക്ക് കയറിയില്ല. ഇതോടെ പാചകവാതക റീഫില്ലിംഗും ലോഡിംഗും മുടങ്ങി. പരവൂരിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി പ്ലാന്റും പരിസരവും അണുവിമുക്തമാക്കി. മുപ്പതോളം ജീവനക്കാർ ഇന്നലെ ക്വാറന്റൈനിൽ പ്രവേശിച്ചു. അതേസമയം ബുള്ളറ്റ് ടാങ്കറുകളിൽ എത്തിച്ച പാചകവാതകം പ്ളാന്റിലെ ടാങ്കിൽ നിറയ്ക്കുന്ന ജോലികൾ മുടക്കമില്ലാതെ നടന്നു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ ഇന്നലെ പുതുതായി മേവനക്കോണത്തും ആറയിലും ഒരോ ആൾക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോട്ടക്കേറം വാർഡിൽ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ഇ.എസ്.ഐ വാർഡും കോട്ടക്കേറം വാർഡും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇതോടെ പഞ്ചായത്തിൽ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 30 ആയി ഉയർന്നു.