
എവിടെ തിരിഞ്ഞ് നോക്കിയാലും പലരൂപത്തിലും ഭാവത്തിലും പാവകളുള്ള ഗ്രാമം. ടെലിഫോൺ ബൂത്തിന് സമീപം റിസീവർ പിടിച്ചിരിക്കുന്ന പാവ, പുസ്തകങ്ങൾക്കു മുന്നിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രൂപത്തിൽ പാവകൾ, ബസ് സ്റ്രോപ്പിൽ ബസ് കാത്തിരിക്കുന്നവരുടെ രൂപത്തിൽ, മീൻപിടിക്കാൻ പോകുന്ന ആളുടെ രൂപമുള്ള പാവ, പണിയെടുക്കുന്ന സ്ത്രീയുടെ രൂപത്തിലുള്ള പാവ, തുണിക്കടകളിൽ, റെയിൽവേ സ്റ്റേഷനിൽ, ചായക്കടയിൽ ചാഞ്ഞിരിക്കുന്ന വൃദ്ധന്റെ പാവ അങ്ങനെ എവിടെയൊക്കെ നോക്കിയാലും ഈ ഗ്രാമത്തിൽ നിറയെ പാവകളാണ്. സൂക്ഷിച്ച് നോക്കിയില്ലെങ്കിൽ മനുഷ്യരാണെന്നേ തോന്നൂ. ഒരു പക്ഷേ മനുഷ്യരേക്കാൾ അധികം പാവകളുള്ള ഈ നാട് എവിടെയാണെന്നറിയേണ്ടേ? ജപ്പാനിലെ ഏറ്റവും പ്രസിദ്ധമായ നാല് ദ്വീപുകലിലൊന്നായ ഷികോകു ദ്വീപിന്റെ ഭാഗമാണ് നഗോരോ എന്ന ഈ പാവകളുടെ ഗ്രാമം.
പാവകൾക്ക് പിന്നിൽ
നാടു വിട്ടു പോകുന്നവരും മരിച്ചുപോകുന്നവരുമെല്ലാം ഇവിടെ പാവകളായി ജീവിക്കുന്നു എന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. കുട്ടികളുടെയും മുതിർന്നവരുടെയുമൊക്കെ രൂപത്തിലും വലിപ്പത്തിലും ഗ്രാമത്തിലെങ്ങും കാണുന്ന പാവകളാണ് ഈ നാടിന്റെ ആകർഷണം. ഇന്ന് ഈ ഗ്രാമത്തിന്റെ മുഖമുദ്ര തന്നെ ഈ പാവകളാണ്. ഈ പാവകളുടെ പിന്നിൽ ഒരു കഥയുണ്ട്. ആർട്ടിസ്റ്റായ ത്‍സുകിമി അയാനോ ആണ് നഗോരോയിൽ മനുഷ്യപ്പാവകൾ നിർമ്മിച്ചു തുടങ്ങിയത്. നഗോരോയിൽ നിന്നു ചെറുപ്പത്തിൽ തന്നെ ഒസാകാ പട്ടണത്തിലേക്കു ചേക്കേറിയവരാണ് ത്‍സുകിമിയും കുടുംബവും
തന്റെ യൗവ്വനം പട്ടണത്തിൽ ചെലവഴിച്ച അദ്ദേഹം നഗോരോയിലേക്ക് തിരികെ വരുന്നത് അൻപതാമത്തെ വയസിലാണ്. താൻ പോയസമയത്തുള്ള ഒരു നാടിനെയും നാട്ടുകാരെയും പ്രതീക്ഷിച്ചെത്തിയ അയാനോയെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു ഇവിടെ കാത്തിരുന്നത്. തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും മൂലമുള്ള പലവിധ കാരണങ്ങളാൽ ഇവിടുത്തെ ആളുകളിൽ ഏറിയ പങ്കും നാടുവിട്ട് പോയിരുന്നു. കുറേയധികം പേർ മരണത്തിനു കീഴടങ്ങി. അദ്ദേഹം തിരികെ എത്തിയ സമയത്ത് ബാക്കിയായത് വെറും 35 പേർ മാത്രമായിരുന്നു. യുവാക്കൾ വലിയ നഗരങ്ങളിലേക്ക് ചേക്കേറുന്ന സമയം കൂടിയായിരുന്നു അത്. ഗ്രാമത്തിൽ ആകെ ജീവിക്കുന്ന 35 പേരും ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ടിരുന്നത് ഏകാന്തതയായിരുന്നു. ഇതിൽ നിന്നു രക്ഷപ്പെടുക എന്ന ഉദ്ദേശ്യത്തിലാണ് അയാനോ പാവ നിർമ്മാണം ആരംഭിച്ചത്. സമയം ചെലവഴിക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. മരിച്ചു പോയ തന്റെ പിതാവിന്റെ രൂപത്തിലുള്ള പാവയാണ് അയാനോ ആദ്യം നിർമ്മിച്ചത്. പിതാവിന്റെ അതേ രൂപത്തിലും വലിപ്പത്തിലും പഞ്ഞിയും വൈക്കോലും ഉപയോഗിച്ചാണ് പാവ നിർമ്മാണം പൂർത്തിയാക്കിയത്. തുടർന്ന് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എല്ലാം രൂപം പാവകളിലൂടെ നിർമ്മിച്ചു കൊണ്ടിരുന്നു. മരിച്ചു പോയവരും നാടു വിട്ടുപോയവരുമെല്ലാം പിന്നീട് ഇവിടെ പാവകളായി രൂപപ്പെട്ടു. അവരുടെ രൂപത്തിലും ഭാവത്തിലും വലുപ്പത്തിലുമെല്ലാം ഗ്രാമത്തിലെല്ലായിടത്തും പാവകൾ നിറഞ്ഞു. ഇന്നും ഇതേ സംസ്‌കാരം ഇവിടെ പിന്തുടരുന്നു. ഇന്ന് ഇവിടെ മനുഷ്യരെക്കാൾ കൂടുതൽ പാവകളാണുള്ളത്. 2019 ൽ പുറത്തു വന്ന ഒരു റിപ്പോർട്ട് പ്രകാരം ഇവിടെ 350 ഓളം പാവകൾ കാണാം. ഒരു മനുഷ്യന് പത്ത് പാവകൾ എന്ന നിരക്കിലാണ് ഇവിടെ പാവകളുള്ളത്.