
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൊല്ലത്തും നിരോധനാജ്ഞ. ഇന്ന് രാവിലെ മുതലാണ് 144 പ്രകാരമുള്ള ഉത്തരവ് നിലവിൽ വന്നത്. ഇന്നലെ 892 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 881 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ആരോഗ്യ പ്രവർത്തകർക്കടക്കം രോഗബാധ ഉണ്ടായതോടെയാണ് കർശന നടപടികളിലേക്ക് തിരിയാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. പാെതു ഇടങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരാൻ പാടില്ലെന്നാണ് പ്രധാനമായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പൊതു ഗതാഗതം, വിപണികൾ, ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, ഹോസ്പിറ്റലുകൾ, തൊഴിൽ ഇടങ്ങൾ, വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തടസമില്ല. പക്ഷെ കർശന കൊവിഡ് നിയന്ത്രണ പ്രോട്ടോകോൾ പാലിക്കണം. കളക്ടർ, ജില്ലാ പൊലീസ് മേധാവികൾ ഉൾപ്പടെ രൂപീകരിച്ച പ്രത്യേക ജില്ലാ സ്ക്വാഡുകൾ നിരന്തരം പരിശോധനകൾ നടത്തും. പരീക്ഷകൾക്കും മറ്റും തടസങ്ങളില്ല. കണ്ടന്റ്മെന്റ് പ്രദേശങ്ങളിൽ അധിക നിയന്ത്രണം തുടരും. വിവാഹത്തിന് പരമാവധി 50 പേർ, മരണാനന്തര ചടങ്ങിൽ 20 പേർ, സർക്കാർ പരിപാടികൾ- നേരത്തെ അറിയിക്കപ്പെട്ട അനുമതി വാങ്ങിയ പരിപാടികൾ എന്നിവയിൽ 20 പേർ, മതപരമായ ചടങ്ങുകൾക്കും പ്രാർത്ഥനകൾക്കും 20 പേർ എന്നീ ക്രമത്തിൽ പങ്കെടുക്കാവുന്നതാണ്. എല്ലാ ദിവസവും പൊതു ഇടങ്ങൾ യഥാസമയം അണുവിമുക്തമാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പടെ പൊതുഇടങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലനത്തിൽ വീഴ്ചയുണ്ടായാൽ ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.