traffic

കൊല്ലം: കൊട്ടാരക്കര പട്ടണത്തിലെ വാഹന പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകുന്നു, വ്യാപാരികളുമായി സഹകരിച്ച് പെ ആന്റ് പാർക്കിൽ സൗജന്യ പാർക്കിംഗിനുള്ള തീരുമാനമായതായി റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. പട്ടണത്തിൽ വാഹന പാർക്കിംഗിന് സൗകര്യങ്ങളില്ലാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. റോഡരികിൽ എവിടെ വാഹനം നിർത്തിയാലും നിമിഷ നേരംകൊണ്ട് പൊലീസെത്തി പിഴ ചുമത്തുന്ന രീതിയാണ് ഏറെനാളായി നടന്നുവന്നത്. തുടർന്ന് കൊട്ടാരക്കര ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ വച്ച് കൊട്ടാരക്കര ഡിവൈ.എസ്.പി, ട്രാഫിക് എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരി, വ്യവസായി പ്രതിനിധികളേയും നഗരസഭ പ്രതിനിധികളെയും പേ ആൻഡ് പാർക്ക് സ്ഥാപനങ്ങളുടെ ഉടമസ്ഥരെയും മറ്റ് ഇതര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക യോഗം ചേർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മറ്റും സ്വന്തം വാഹനങ്ങളിലും അല്ലാതെയും വരുന്ന ഉപഭോക്താക്കകൾക്ക് അവരുടെ വാഹനം സൗജന്യമായി പാർക്ക് ചെയ്യുന്നതിനും ഇടപാടുകൾക്കും ഷോപ്പിംഗിന് ശേഷം സുഖകരമായി മടങ്ങി പോകുന്നതിനും മികച്ച സൗകര്യം ഒരുക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പെ ആന്റ് പാർക്കിം​ഗ് സംവിധാനവുമായി ഏകോപിപ്പിച്ചുകൊണ്ട് പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. വ്യാപാര സ്ഥാപനങ്ങളിൽ 500 രൂപക്ക് മുകളിലുള്ള തുകക്ക് ഇടപാടു നടത്തുന്ന കസ്റ്റമർക്ക് അതത് സ്ഥാപങ്ങൾ പാർക്കിം​ഗ് ഫീസ് ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

(1) പുലമൺ ഭാഗത്ത് തുണിക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും പർച്ചേസിനും മറ്റുമായി എത്തുന്നവർ എൽ.ഐ.സി ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന കസ്തുർബാ പേ ആൻഡ് പാർക്ക്, കൂടാതെ ലോട്ടസ് ടവറിനടുത്തുള്ള തെക്കേതിൽ പേ ആൻഡ് പാർക്ക് എന്നീ പാർക്കിം​ഗ് സ്ഥലങ്ങളിലും വാഹങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

(2) കൊല്ലം റോഡിൽ മുനിസിപ്പാലിറ്റി മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയുള്ള തുണിക്കടകൾ, ലാബുകൾ, സ്കാനിംഗ് സെന്ററുകൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇടപാടുകൾക്കായി എത്തുന്നവർ ഇന്ത്യൻ ഓയിൽ പമ്പിനടുത്തുള്ള പേൾ പേ ആൻഡ് പാർക്ക്, വീനസ് പേ ആൻഡ് പാർക്ക് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തു ഇടപാടുകൾ നടത്താവുന്നതാണ്.

(3) ചന്തമുക്കിലും പരിസരത്തും എത്തുന്നവർക്ക് മുനിസിപ്പാലിറ്റിയുടെ വക താത്ക്കാലിക പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുവാദം ഉണ്ട്.

(4) ചന്തമുക്കിൽ നിന്നും വൃന്ദാവനം ജംഗ്ഷൻ വരെയുള്ള ഓയൂർ റോഡിൽ പർച്ചേസിനും മറ്റു വ്യാപാര ആവശ്യങ്ങൾക്കുമായി എത്തുന്നവർ വൃന്ദാവനം ജംഗ്ഷനിലുള്ള പേ ആൻഡ് പാർക്ക് സ്ഥലത്തും വാഹനങ്ങൾ പാർക്ക് ചെയ്തു ഇടപാടുകൾ നടത്താവുന്നതാണ്.

(5) ചന്തമുക്കിൽ സ്റ്റേറ്റ് ബാങ്കിനും അതിനടുത്തുള്ള സ്ഥാപങ്ങളിലും ഇടപാടുകൾക്കായി എത്തുന്നവർക്ക് എസ്.ബി.ഐ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.