 
അവകാശ സമരങ്ങളെ കൽത്തുറുങ്കിലടച്ച് തളയ്ക്കാനാകില്ല. ഇരുമ്പറകൾ ഭേദിച്ച് കാട്ടുതീ പോലെ അത് കത്തിപ്പടരും. അത്തരം ഒരു ഓർമ്മപ്പെടുത്തലിന്റെ ദിനമായിരുന്നു ഇന്നലെ. അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് രാജ്യദ്റോഹമാണെങ്കിൽ അത് വീണ്ടും ആവർത്തിക്കുമെന്ന് സി. കേശവൻ പ്രഖ്യാപിച്ച ദിനം.
1937 ഒക്ടോബർ 3. കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സി. കേശവൻ ആലപ്പുഴയിലെ കിടങ്ങാംപറമ്പിൽ എത്തി ജനസംഖ്യാനുപാതിക സംവരണത്തിന് വേണ്ടി വാക്കുകൾ ജ്വലിപ്പിച്ച ദിനം. ആയിരക്കണക്കിന് പേരുള്ള സദസിനെ എന്റെ ജനങ്ങൾ എന്ന് രാജാവിനെപ്പോലെ അഭിസംബോധന ചെയ്തായിരുന്നു തുടക്കം. ആ സിംഹ ഗർജനത്തിൽ തിരുവിതാംകൂർ വിറച്ചു. സി. കേശവന് നൽകിയ സ്വീകരണത്തിന്റെ മുഖ്യസംഘാടകനും ചടങ്ങിന്റെ അദ്ധ്യക്ഷനുമായിരുന്ന മാമ്മൻമാപ്പിളയോടും സർ. സി.പിക്ക് പ്രതികാരമായി. അദ്ദേഹത്തിന്റെ മലയാളമനോരമ പത്രം പൂട്ടിച്ചു. വർത്തമാനകാല സാഹചര്യത്തിൽ സി. കേശവന്റെ കിടങ്ങാംപറമ്പ് പ്രസംഗത്തിന് പത്രാധിപരുടെ കുളത്തൂർ പ്രസംഗം പോലെ പ്രസക്തിയുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പിയെ വെല്ലുവിളിച്ചാണ് ജയിൽമോചിതനായെത്തിയ സി. കേശവന് ആയിരങ്ങൾ സ്വീകരണമൊരുക്കിയത്. പൊരുതി നേടിയ സംവരണത്തിൽ വെള്ളം കലക്കുമ്പോൾ നമ്മളെല്ലാം അന്നത്തെ കിടങ്ങാംപറമ്പ് സംഘാടകരെപ്പോലെ സമര സജ്ജരാകണം.
ചിത്തിര തിരുനാൾ മഹാരാജാവിന്റെ ഭരണപരിഷ്കാരത്തിനെതിരെ ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ നേതൃത്വത്തിലായിരുന്നു നിവർത്തന പ്രക്ഷോഭം തുടങ്ങിയത്. 1922ൽ തിരുവിതാംകൂർ നിയമസഭയിൽ ഉൾപ്പെടുത്തിയവരിൽ ജനസംഖ്യയിൽ 8.68 ശതമാനം മാത്രമുള്ള നായർ സമുദായത്തിൽ നിന്നും 12 പേരുണ്ടായിരുന്നു. 8.69 ശതമാനമായിരുന്ന ഈഴവരുടെയും 3.53 ശതമാനമുള്ള മുസ്ലിങ്ങളുടെയും പ്രതിനിധിയായി ഒരാൾ പോലും ഉണ്ടായിരുന്നില്ല. നായർ സമുദായത്തിന്റെ ഇരട്ടിയോളമുണ്ടായിരുന്ന ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും ഏഴ് പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഈ മാറ്റിനിറുത്തലായിരുന്നു സമരത്തിന് ആധാരം. സി. കേശവനായിരുന്നു സമരനായകൻ. സമരം കത്തിജ്വലിച്ചിട്ടും അവഗണന തുടർന്നു. 1925, 31 വർഷങ്ങളിലെ നിയമസഭകളിലും ഈഴവരെയും മുസ്ലിങ്ങളെയും പൂർണമായും മാറ്റിനിറുത്തി. 1928ൽ മുസ്ലിം സമുദായത്തിൽ നിന്നും ഒരാളെ മാത്രം ഉൾപ്പെടുത്തിയിരുന്നു. വർത്തമാനകാല സാഹചര്യം ഒരു നൂറ്റാണ്ട് അപ്പുറമുള്ള അവസ്ഥ ഓർമ്മിപ്പിക്കുകയാണ്. അധികാര സ്ഥാനങ്ങളെല്ലാം വീണ്ടും സവർണവത്കരിക്കപ്പെടുന്നു. മുന്നാക്കത്തിലെ പിന്നാക്കത്തിന്റെ പേര് പറഞ്ഞ് ഉദ്യോഗത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവർണരെ തിരുകി കയറ്റുന്നു. ഇപ്പോഴത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സർ സി.പിയെപ്പോലെ പിന്നാക്ക വിഭാഗങ്ങളെ അവഗണനയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ്. ഉള്ള അവകാശങ്ങളും കൊള്ളയടിക്കുകയാണ്. അതേസമയം നിവർത്തന പ്രക്ഷോഭത്തിലൂടെ നേടിയ ആനൂകൂല്യങ്ങൾ മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങൾ ഒരുമിച്ച് നിന്ന് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് നിലനിറുത്തുന്നു. കൂടുതൽ കൈവശപ്പെടുത്തുകയും ചെയ്യുന്നു. ഈഴവർ തമ്മിലടിച്ച് സ്വയം നശിക്കുകയാണ്. ഒന്നായാലേ നന്നാകൂ. അങ്ങനെ ഒരുമിച്ച് മുന്നേറാൻ കൂടിയാണ് കിടങ്ങാംപറമ്പ് പ്രസംഗം നൽകുന്ന സന്ദേശം.
മുന്നാക്കത്തിലെ പിന്നാക്കം എന്ന ഓമനപ്പേരിട്ടാണ് ഭരണകൂടങ്ങൾ സവർണപക്ഷപാതിത്വം നടപ്പാക്കുന്നത്. സംവരണം നൂറ്റാണ്ടുകൾ നീണ്ടുനിന്ന അടിച്ചമർത്തലും അത് സൃഷ്ടിച്ച സാമൂഹ്യദുരന്തങ്ങളും പരിഹരിക്കാനുള്ള ഉപാധിയാണ്. അല്ലാതെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കലല്ല. സാമ്പത്തിക ദുർബലാവസ്ഥ പരിഹരിക്കലാണ് ഭരണകൂടങ്ങളുടെ ആത്മാർത്ഥമായ ലക്ഷ്യമെങ്കിൽ കൂടുതൽ അവസരങ്ങൾ നൽകേണ്ടത് രാജ്യത്തെ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കാണ്. മുന്നാക്കത്തിലെ ഒരു വിഭാഗത്തിന്റെ സാമ്പത്തിക ദുർബലാവസ്ഥ അവർക്ക് മേൽ ആരും അടിച്ചേൽപ്പിച്ചതല്ല. സാമൂഹ്യമായ വിവേചനം കൊണ്ടുമല്ല. വേണ്ടത്ര അദ്ധ്വാനിക്കാതെയോ വീഴ്ചകൾ കൊണ്ടോ ഉണ്ടായതാണ്. എന്നാൽ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ ദുർബലാവസ്ഥയുടെ കാരണം അതല്ല. ജാതിയുടെ പേരിൽ നൂറ്റാണ്ടുകളോളം മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടവരാണ്.
സാമ്പത്തിക സംവരണത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സമ്പന്നരാണ്. ഒരു തുണ്ട് ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോൾ ഏക്കർ കണക്കിന് ഭൂമിയും മാളികകളും ഉള്ള കോടിപതികൾ സംവരണത്തിന്റെ ഗുണഭോക്താക്കളാകുന്ന വിരോധാഭാസകരമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണ് സംവരണത്തിന്റെ ലക്ഷ്യം. പക്ഷേ സാമ്പത്തിക സംവരണത്തിലൂടെ അന്തരം കൂടുതൽ വർദ്ധിപ്പിക്കുകയാണ്. മുന്നാക്കത്തിലെ പിന്നാക്ക സംവരണത്തിലൂടെ കേരളത്തിൽ എം.ബി.ബി.എസ് പ്രവേശനത്തിന് 130 സീറ്റാണ് സവർണ വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്. അതേസമയം മുന്നാക്കക്കാരെക്കാൾ കൂടുതലുള്ള ഈഴവസമുദായത്തിന് വെറും 94 സീറ്റേ സംവരണത്തിലൂടെ ലഭിക്കൂ. 
ആയിരം റാങ്കുകൾക്ക് പിന്നിൽ നിൽക്കുന്ന മുന്നാക്കക്കാരന് എം.ബി.ബി.എസ് പ്രവേശനം ലഭിക്കുമ്പോൾ ഇരുനൂറാം റാങ്കുകാരനായ ഒ.ബി.സി വിഭാഗക്കാരന് മെഡിക്കൽ പ്രവേശനം ലഭിക്കില്ല. ഇതാണ് മുന്നാക്കത്തിലെ പിന്നാക്ക സംവരണം സൃഷ്ടിക്കുന്ന ദുരന്തം. പിന്നാക്കക്കാരന്റെ ഒന്നും കവർന്നെടുത്തല്ല മുന്നാക്കക്കാരന് സംവരണം നൽകുന്നതെന്നാണ് ഭരണകൂടം പറയുന്നത്. പക്ഷേ മുന്നാക്ക, പിന്നാക്ക വിഭാഗങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇത് തിരിച്ചറിയണം. ഭരണകൂടത്തിന്റെ കപട നാട്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. സി. കേശവന്റെ കിടങ്ങാംപറമ്പ് പ്രസംഗം പോലെ സിംഹ ഗർജനങ്ങൾ ഉണ്ടാകണം. അന്ന് കിടങ്ങാംപറമ്പിൽ സംഘടിച്ച ആയിരങ്ങളെപ്പോലെ സംവരണ അട്ടിമറിക്കെതിരെ സമരസജ്ജരാകേണ്ടിയിരിക്കുന്നു.