 
 ജില്ലയിൽ കൊവിഡ് കുരുക്ക്
കൊല്ലം: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജില്ലയിലെങ്ങും നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. സി.ആർ.പി.സി 144 പ്രകാരം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
മാർഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നിയമ നടപടി ശക്തമാക്കി. എല്ലാ മേഖലകളിലും പൊലീസിന്റെ നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്. ഇന്നലെ രാവിലെ 9ന് നിലവിൽ വന്ന നിയന്ത്രണങ്ങൾക്ക് ഒരു മാസക്കാലത്തേക്ക് പ്രാബല്യമുണ്ടാകും.
 മാർഗ നിർദേശങ്ങൾ ഇങ്ങനെ
1. വിവാഹ ചടങ്ങുകളിൽ 50 പേർക്കും ശവസംസ്‌കാര ചടങ്ങിൽ 20 പേർക്കും പങ്കെടുക്കാം
2. സർക്കാർ ചടങ്ങുകൾ, പ്രാർത്ഥനകൾ, മറ്റ് മതപരമായ ചടങ്ങുകൾ എന്നിവയിൽ 20 പേർക്ക് പങ്കെടുക്കാം
3. കമ്പോളങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ, വ്യാപര സ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ, ആശുപത്രികൾ, പരീക്ഷ നടത്തിപ്പ്, നിയമന റിക്രൂട്ട്‌മെന്റുകൾ എന്നിവയിൽ എത്തുന്നവർ സാമൂഹ്യഅകലം പാലിക്കണം. കൈകൾ അണുവിമുക്തമാക്കണം
4. പരീക്ഷകൾ നടത്താൻ അനുവദിക്കും. എന്നാൽ കൊവിഡ് ബാധിതർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർക്ക് പ്രത്യേകം മുറികൾ ഉറപ്പാക്കണം
5. കമ്പോളങ്ങൾ, ബസ് സ്റ്റാൻഡുകൾ, പൊതു ഇടങ്ങൾ എന്നിങ്ങനെ ജനങ്ങൾ എത്തുന്ന പൊതുസ്ഥലങ്ങളിൽ അണുനശീകരണത്തിന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം
6. കണ്ടെയ്ൻമെന്റ് സോണുകളിൽ മാർച്ച് 24ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ദുരന്ത നിവാരണ വകുപ്പ് പ്രകാരമുള്ള നടപടികൾ നിലനിൽക്കും
''
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും.
ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ