 
പുനലൂർ: പുനലൂർ നഗരസഭയുടെ നിയന്ത്രത്തിലുള്ള ഏഴുനിലയുള്ള കെട്ടിട സമുച്ചയത്തിന്റെ നവീകരണം നിറുത്തിവച്ചു. ഒരു വർഷത്തിനുള്ളിൽ നവീകരണ ജോലികൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി നവീകരണ ജോലികൾ അംഭിച്ചിട്ട് ഇപ്പോൾ രണ്ടര വർഷം പിന്നിടുന്നു. മരാമത്ത് പ്രവൃത്തികൾ പോലും പൂർത്തിയാക്കാൻ കഴിയാതെയാണ് നവീകരണ ജോലികൾ ഇപ്പോൾ നിർത്തിയത്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ പ്രവൃത്തികൾക്ക് ഇത് വരെ സാങ്കേതികാനുമതി ലഭിച്ചിട്ടില്ല.
പദ്ധതി വിഹിതത്തിലുണ്ടായ കുറവും അനുമതികൾ സമയബന്ധിതമായി നേടിയെടുക്കുന്നതിലുള്ള വീഴ്ചയുമാണ് നവീകരണ ജോലികൾ അനന്തമായി നീണ്ടുപോകുന്നതിന്റെ മുഖ്യ കാരണം. എന്നാൽ നിർമ്മാണ ജോലികൾ അനിശ്ചിതമായി നീളുന്നതുമൂലം നഗരസഭക്ക് പ്രതിമാസ വാടകയിനത്തിൽ ലക്ഷങ്ങളാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.
സാമൂഹ്യവിരുദ്ധരുടെ കേന്ദ്രം
തൂക്കുപാലം കഴിഞ്ഞാൽ പുനലൂർ പട്ടണത്തിന്റെ അടയാളമാണ് കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ തലയുയർത്തിനിൽക്കുന്ന ഏഴുനിലയുള്ള കെട്ടിടം. 1980കളിൽ നിർമ്മിക്കപ്പെട്ട ഈ ബഹുനില കെട്ടിടം നഗരസഭയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു. ബാങ്കുകൾ ഉൾപ്പടെ നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യാപാരശാലകളും ഇവിടായിരുന്നു . എന്നാൽ മതിയായ സംരക്ഷണമില്ലാതെ കെട്ടിടം നാശത്തിലേക്ക് കൂപ്പ് കുത്തി. ഇത് കാരണം വാടകക്ക് പ്രവർത്തിച്ചു വന്നിരുന്ന പ്രധാന സ്ഥാപനങ്ങളെല്ലാം ഒഴിഞ്ഞു പോയി. മുറികളുടെ വാതിലും ജനാലയും ദ്രവിച്ചു ഭിത്തികൾ വിണ്ടു കീറുകയു ചെയ്തു. ലിഫ്റ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ നശിച്ചുപോയി. ഉപയോഗിക്കാവുന്ന മുറികൾ വാടക നൽകാതെ വന്നപ്പോൾ പലരും കയ്യേറി. പട്ടാപ്പകൽ പോലും കെട്ടിടത്തിനുൾഭാഗം മദ്യപാനികളുടെയും, സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമായി മാറി.
കരാറുകാർക്ക് പണം നൽകിയില്ല
3.90 കോടി രൂപയുടെ അടങ്കലുമായി 2018 ഏപ്രിൽ 25നാണ് കെട്ടിട സമുച്ചയത്തിന്റെ നവീകരണം ആരംഭിക്കുന്നത്. 12 മാസമായിരുന്നു നിർമ്മാണ കാലാവധി. ഇതിൽത്തന്നെ മരാമത്തു പ്രവൃത്തികൾ ഡിസംബറിനുള്ളിൽ തീർക്കണമെന്നായിരുന്നു വ്യവസ്ഥ. 2.80 കോടി രൂപയുടെ മരാമത്ത് പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നേടിക്കൊണ്ടായിരുന്നു നിർമ്മാണ ജോലികൾക്കു തുടക്കം ക്കുറിച്ചത്. ഇതിനിടയിൽ അടങ്കൽ തുക 4.60 കോടിയിലേയ്ക്ക് ഉയർന്നു. എന്നാൽ കരാറുകാർക്ക് സമയബന്ധിതമായി പണം നൽകാൻ കഴിയാതെ വന്നതോടെയാണ് നവീകരണ ജോലികൾ നിലച്ചത്.
നിറുത്തി വച്ച നവീകരണ ജോലികൾ അടുത്ത ആഴ്ച പുനരാരംഭിക്കും. കരാറുകാരന് നൽകാനുളള കുടിശിക തുകയായ 75ലക്ഷം രൂപ ഉടൻ നൽകും.
കെ.എ.ലത്തീഫ് പുനലൂർ നഗരസഭ ചെയർമാൻ