
കൊല്ലം: തഴവയിൽ 26 പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. മണപ്പള്ളി തണ്ണീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ 4, 6, 8, 11, 13, 15, 16, 17, 18, 19, 22 വാർഡുകളിലാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൽ രണ്ട് കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരെ കഴിവതും വീടുകളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. 22-ാം വാർഡിലാണ് ഏറ്റവുമധികം പേർക്ക് (6) രോഗം സ്ഥിരീകരിച്ചത്. ഇവിടെ വെള്ളിയാഴ്ചയും രണ്ട് പോസിറ്റീവ് കേസുകളുണ്ടായിരുന്നു.
 ദിനംപ്രതി കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം കർശനമായി പാലിക്കണം.
ഡോ. ജാസ്മിൻ റിഷാദ്, തഴവ കുടുംബാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ
158 പേർക്ക് പരിശോധന
കഴിഞ്ഞയാഴ്ച രോഗ ബാധിതരായവരുടെ സമ്പർക്കത്തിൽപ്പെട്ടവരുൾപ്പെടെ 158 പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഓണത്തിന് ശേഷം തഴവയിൽ ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക ഇന്നും നാളെയുമായി തയ്യാറാക്കി വരുംദിവസങ്ങളിൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കും.