
കൊല്ലം: സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട ‘ഭദ്രശ്രീ"യിൽ ഡോ. അനൂപ് കൃഷ്ണയുടെ (35) ആത്മഹത്യയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം അസിസ്റ്റന്റ് കമ്മിഷണർ പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ സി.ഐ അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സി.ഐയും സംഘവും ഡോക്ടറുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെയും അടുപ്പക്കാരുടെയും മൊഴിയെടുത്തു. കഴിഞ്ഞ 23ന് അനൂപിന്റെ ആശുപത്രിയിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായ 7 വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ഡോക്ടറെ വീട്ടിൽ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരാഴ്ചയായി സമൂഹമാദ്ധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ ചികിത്സാരേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തശേഷവും പല കോണിൽ നിന്നും ഡോ. അനൂപിനെതിരായ പ്രചാരണം നടന്നിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും വെളിപ്പെടുത്തി. അനൂപിന്റെ ഫോൺ കാളുകളും സമൂഹ മാദ്ധ്യമ അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.