cm

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നാടിന് സമർപ്പിച്ചു

കൊല്ലം: ഇരുളടഞ്ഞ കാലത്തുനിന്ന് നവോത്ഥാനത്തിന്റെ നേർവഴിയിലേക്ക് കേരളത്തെ നയിച്ച് മോചനത്തിന്റെ മഹാസൂക്തമെഴുതിയ മഹാത്മാവാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീർണവും അന്ധവുമായ ആ പഴയ കാലത്തെ മുഖ്യമന്ത്രി മഹാകവി ഉള്ളൂരിന്റെ കവിത ചൊല്ലിയാണ് വരച്ചുകാട്ടിയത്.
' ഉടുക്കുവാൻ തുണിയില്ല കിടക്കാൻ കുടിലില്ല

കുടിക്കുവാനൊരു തുള്ളി കണ്ണുനീരില്ല​

അരിയെന്ന് വായ്‌ തുറന്ന് പറയാനറിയില്ല

കരയുവാൻ പോലും കാര്യവിവരമില്ല '
തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, അക്ഷരനിഷേധം തുടങ്ങി മനുഷ്യത്വം നിഷേധിച്ച് നരകിച്ച ഒരു ജനതയെ, സാമൂഹികമായ അന്തസിലേക്കും സമഭാവനാ ചിന്തയിലേക്കും ആനയിച്ച സൗമ്യനായ സന്യാസിവര്യനാണ് ഗുരു. ഗുരുദർശനങ്ങൾ സമസ്ത ജാതിവിഭാഗങ്ങളിലും പരിഷ്‌കരണത്തിന് വഴിവച്ചു. ഗുരുവിന്റെ മൂന്ന് വചനങ്ങളിലും തിളക്കമേറിയ സന്ദേശങ്ങളാണുള്ളത്. ഉദ്ധരിക്കുന്തോറും അർത്ഥം കൂടുന്നതാണിവ. 'വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാകുക' എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണ്. ഗുരു പറഞ്ഞത് മോക്ഷപ്രാപ്തിക്കുള്ള മന്ത്രങ്ങളല്ല. ഗുരുവിന്റെ ജാതി മനുഷ്യജാതിയും ഗുരുവിന്റെ മതം മനുഷ്യത്വമെന്ന മതവുമായിരുന്നു. ആ മഹാസന്ദേശത്തിന്റെ പൊരുളാകെ മനുഷ്യൻ നന്നാവുക എന്നതാണ്. ഇതിലൂടെയാണ് കേരളത്തിൽ പുരോഗമന പ്രസ്ഥാനങ്ങളുണ്ടായത്.

ആധുനിക കേരളത്തിന്റെ രൂപകല്പനയിൽ ഗുരു വലിയ സ്വാധീനശക്തിയാണ്. ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി ഗുരു പറഞ്ഞ എട്ട് കാര്യങ്ങളും ശ്രദ്ധേയമാണ്. വിദ്യാഭ്യാസം, ശുചിത്വം, കൈത്തൊഴിൽ, കൃഷി, സംഘടന, തൊഴിൽ, ഈശ്വരഭക്തി,​ സാങ്കേതിക പരിജ്ഞാനം എന്നിവയാണ് അത്. സന്യാസിമാർ മരണാനന്തര കാര്യങ്ങൾ പറഞ്ഞപ്പോൾ ഗുരു മരിക്കുന്നതിന് മുൻപുള്ള ജീവിതം ശരിപ്പെടുത്താനാണ് നിർദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വിവരിച്ചു.