എഴുകോൺ: വർഷങ്ങളായി പൊളിഞ്ഞ് കിടന്ന റോഡ് അധികൃതർ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം ഓട്ടോ ഡ്രൈവർമാർ ഇറങ്ങി റോഡ് നവീകരിച്ചു. എഴുകോൺ ജംഗ്ഷൻ മുതൽ മൂലകട വരെയുള്ള പാങ്ങോട് - ശിവഗിരി റോഡിന്റെ ഭാഗമാണ് കിഴക്കേ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ വശങ്ങൾ വൃത്തിയാക്കി നവീകരിച്ചത്. കാലപ്പഴക്കം വന്ന കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി ഗേജ് കൂടിയവ സ്ഥാപിക്കാൻ എടുത്ത കുഴികൾ അശാസ്ത്രീയമായി മൂടിയത്തിനെ തുടർന്ന് റോഡ് കുണ്ടും കുഴിയും നിറഞ്ഞതായി. നിരവധി തവണ പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഇല്ലാത്തിതിനെതുടർന്നാണ് ഓട്ടോഡ്രൈർമാർ മുന്നിട്ടിറങ്ങിയത്. രണ്ട് വാഹനങ്ങൾ ഒന്നിച്ച് വന്നാൽ ഗതാഗത തടസം നേരിട്ടിരുന്ന റോഡിന്റെ വക്കിലെ കാട് വെട്ടിത്തെളിച്ച് നിരപ്പാക്കി.
പുത്തൂർ പങ്ങോട് മുതൽ ശിവഗിരി വരെയുള്ള റോഡ് ദേശീയ പാത അതോറിട്ടിയാണ് നിർമ്മിച്ചത്. 22 കോടി രൂപ ചെലവഴിച്ച് ദേശീയ പാത നിലവാരത്തിൽ നിർമിച്ച റോഡ് അടുത്തിടെ പൊതു മരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. അതിനാൽ റോഡിന്റെ നവീകരണം പി.ഡബ്ല്യു.ഡിയ്‌ക്കാണ്. റോഡ് നവീകരണത്തിനായി 30 ലക്ഷം രൂപ ചിലവ് പ്രതീക്ഷിച്ച് കൊണ്ട് പി.ഡബ്ല്യു.ഡി എഴുകോൺ സബ് ഡിവിഷൻ കൊട്ടാരക്കര ഡിവിഷനിൽ പദ്ധതി സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ആയിട്ടില്ല. റോഡിന്റെ ശോചീയാവസ്ഥ കേരളകൗമുദി വാർത്ത നൽകിയിരുന്നു.