
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നാെരുക്കങ്ങൾക്ക് വേഗതയേറിയതോടെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്താനുള്ള തിരക്കിലാണ് മുന്നണികൾ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒന്നാണിതെങ്കിലും ഇത്തവണ പതിവിൽ കവിഞ്ഞ ആവേശം പ്രവർത്തകരിലുണ്ട്.
കൊവിഡ് അതിവ്യാപന കാലത്തും പുത്തൻ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ജനങ്ങളിലേക്ക് ഇറങ്ങാൻ പരിശ്രമിക്കുകയാണിവർ. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരവസരം കൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകും. അതിനുള്ളിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രായപൂർത്തിയായ മുഴുവൻ ആളുകളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രാദേശിക നേതാക്കളും ബൂത്ത് കമ്മിറ്റി ഭാരവാഹികളും.
സ്ഥാനാർത്ഥികളായി പരിഗണിക്കാൻ സാദ്ധ്യതയുള്ളവർ, റിബലാകുമെന്ന് ഉറപ്പുള്ളവർ, സ്വതന്ത്രരായി മത്സരിക്കുന്നവർ തുടങ്ങി സ്ഥാനാർത്ഥികളാകേണ്ടവർ സ്വന്തം നിലയിലും പ്രവർത്തനങ്ങൾ നടത്തുകയാണ്.
ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി തനിക്ക് വോട്ട് ചെയ്തേക്കുമെന്ന് ഉറപ്പുള്ള വീടുകളിലെ പ്രായപൂർത്തിയായ എല്ലാവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണിവർ. സംവരണ വാർഡുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ തീരുമാനം വന്നതോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏതാണ്ടൊരു ധാരണ എല്ലാ മുന്നണികളിലും രൂപപ്പെട്ടിട്ടുണ്ട്.
ബൂത്ത് കമ്മിറ്റി ഭാരവാഹികൾ, സ്ഥാനാർത്ഥി സാദ്ധ്യതാ പരിഗണനയിൽ ഉള്ളവർ തുടങ്ങി തിരഞ്ഞെടുപ്പ് ആവേശത്തിൽ ഇപ്പോഴേ ഭാഗമായി കഴിഞ്ഞവർ വോട്ടർ പട്ടിക പലതവണ വായിച്ചുകഴിഞ്ഞു.
 ചിലർക്ക് പട്ടിക കാണാപാഠം
കൃത്യമായ രാഷ്ട്രീയ നിലപാടുള്ള കുടുംബങ്ങളിൽ അവരുടെ പാർട്ടിക്കാരാണ് പേര് ചേർക്കണമെന്ന് അറിയിക്കാൻ എത്തുന്നത്. കാരണം മറ്റുള്ളവർ അവിടെ പോയിട്ടും കാര്യമില്ലെന്ന് അറിയാം. സമൂഹത്തിൽ ഇതുവരെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയിട്ടില്ലാത്തവരുടെ വീടുകളിൽ ഇതിനകം എല്ലാ മുന്നണികളുമെത്തിയിട്ടുണ്ട്.
വോട്ട് ചേർത്തുതരുന്ന മുന്നണികളോട് കന്നി വോട്ടമാർക്ക് പ്രത്യേക അനുഭാവം ഉണ്ടാകുമെന്നാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളുടെ അമരം കാത്തവർ പറയുന്നത്. കന്നിവോട്ട് കൂടിയ തോതിൽ കിട്ടിയാൽ വിജയം താനെ പോരും. അതുകൊണ്ട് ഒാരോ വോട്ടും നിർണായകമാണ്.