
കൊല്ലം: കൊല്ലത്തെ ഏത് മണ്ഡലത്തിൽ നിന്ന് ആര് മത്സരിച്ചാലും കശുഅണ്ടി തൊഴിലാളികളുടെ വോട്ട് നിർണായകമാണെന്ന് ഏവർക്കുമറിയാം. കശുഅണ്ടി തൊഴിലാളികളിൽ ഭൂരിഭാഗവും വോട്ട് ചെയ്യുന്നത് പാർട്ടി നോക്കിയിട്ടല്ല. തങ്ങൾക്കൊപ്പമല്ലാത്തവരെ ജനപ്രതിനിധികളാക്കിയ ചരിത്രം ഇവർക്കില്ല. അവരുടെ പേരിൽ നേതാവും ജേതാവും ആയവരുണ്ട്. അവരുടെ അന്നം മോഷ്ടിച്ച് കാശാക്കിയ വിരുതന്മാരുമുണ്ട്.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കശുഅണ്ടി തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ സീറ്റിലുണ്ടായിരുന്ന സംവരണം എടുത്തുകളഞ്ഞതാണ് ഇപ്പോൾ പൊല്ലാപ്പായിരിക്കുന്നത്. ബി.ജെ.പിക്കാർക്ക് കശുഅണ്ടി തൊഴിലാളികളുടെ വോട്ട് വേണ്ടെന്നാണോ ? കൊല്ലത്തെ ബി.ജെ.പിക്കാർക്ക് തീരുമാനത്തിൽ പങ്കില്ലായിരിക്കാം. പക്ഷേ തീരുമാനം പിൻവലിപ്പിക്കേണ്ട ബാദ്ധ്യതയുണ്ടല്ലോ. അവരത് ചെയ്യുമെന്ന് തന്നെയാണ് പാവം തൊഴിലാളികളും കരുതിയിരുന്നത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. സംവരണം ഇല്ലാതാക്കിയതിനെതിരെ പേരിന് ഒരു സമരമൊക്കെ നടത്തി. സംഘാടകരെയും അഭിവാദ്യം അർപ്പിച്ചവരെയും അനുകൂലമായി നിന്നവരെയും കൊല്ലത്തുകാർ കണ്ടു. എല്ലാം ഒരൊറ്റ സമരത്തോടെ തീർന്നെന്നാണ് തോന്നുന്നത്.
പണ്ടൊരു മുഖ്യൻ നാട് ഭരിച്ചിരുന്നപ്പോൾ തിരുവോണത്തിന് ഫാക്ടറികൾക്ക് മുന്നിൽ തൊഴിലാളികൾ പട്ടിണിക്കഞ്ഞി വച്ച് സമരം നടത്തിയത് നാട്ടുകാർക്കറിയാം. ആ സമരത്തിന് നേതൃത്വം കൊടുത്തവരാണ് ഇപ്പോൾ നാട് ഭരിക്കുന്നത്. ഈ ഭരണകാലത്ത് തന്നെയാണ് അടുത്തിടെ ആഴ്ചകളോളം മറ്റൊരു സമരം നടന്നത്. കോർപ്പറേഷൻ ഭരിക്കുന്ന നേതാവിന്റെ ഭരണ പരിഷ്‌കാരം വന്നപ്പോൾ കൂലി പോയത് കശുഅണ്ടി തൊഴിലാളികൾക്ക്. പാർട്ടി മറന്ന് സ്ത്രീകൾ സമരത്തിനിറങ്ങിയതോടെ സഖാവ് വഴങ്ങി. പക്ഷേ നേതാവിന്റെ ഭരണപരിഷ്കാരം ഇപ്പോഴും തൊഴിലാളികളുടെ മനസിലുണ്ടത്രേ. പ്രതിപക്ഷ പാർട്ടികളുടെ ചില നേതാക്കൾ നേതൃത്വം കൊടുത്തപ്പോൾ സമരത്തിന്റെ മൊത്തം ക്രെഡിറ്റും അങ്ങോട്ട് പോയി. പോയ ക്രെഡിറ്റ് തിരിച്ചുപിടിക്കാനുള്ള സമയമാണ് ഇപ്പോഴെന്നെങ്കിലും ഒരു ദിവസം സമരം ചെയ്ത് നിറുത്തിയവർ മനസിലാക്കുന്നത് നന്നായിരിക്കും.
സി.ബി.എസ്.സി സ്‌കൂളുകളിൽ മക്കളെ വിട്ട് പഠിപ്പിക്കുന്ന നേതാക്കൾക്കൊന്നും കശുഅണ്ടി തൊഴിലാളികളുടെ മക്കളുടെ കണ്ണീരറിയില്ല. അത് പ്രതിപക്ഷമായാലും ഭരണപക്ഷമായാലും. എല്ലാവരും ചെയ്യുന്നതെന്തെന്ന് തൊഴിലാളികൾക്ക് ഉത്തമബോദ്ധ്യമുണ്ട്. വോട്ട് ചോദിക്കാൻ ഉടനെ തന്നെ ചെല്ലേണ്ടി വരുമ്പോൾ ഉത്തരംമുട്ടാതെ നോക്കിയില്ലെങ്കിൽ ബാലറ്റ് പെട്ടി തുറക്കുമ്പോൾ എട്ടുനിലയിൽ പലരും പൊട്ടിയേക്കാം..