photo
വാളകം വിപണി കുരുവിള ഭാഗം റോഡ്

കൊല്ലം: ടാറിംഗിന്റെ പൊടിപോലുമില്ലാത്ത റോഡിലൂടെ ദുരിതയാത്ര നടത്തുകയാണ് വാളകത്തുകാർ. വാളകം വിപണി മുതൽ കുരുവിള ഭാഗംവരെയുള്ള റോഡിനാണ് ഈ ദുർഗതി. വർഷങ്ങളായി തകർന്നുകിടക്കുകയാണ് ഈ റോഡ്. ഇപ്പോൾ ടാറിംഗ് പൂർണമായും ഇളകിമാറിയതിനാൽ കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്. മെറ്റലുകൾ ഇളകിത്തെറിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ മിക്കപ്പോഴും അപകടത്തിൽപ്പെടുന്നുമുണ്ട്. ഓട്ടോറിക്ഷകൾ ഇതുവഴി ഓട്ടം വിളിച്ചാൽ വരാറില്ല. കാൽനടയായിപ്പോലും പോകാൻ കഴിയാത്ത വിധം റോഡ് തകർന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ഉമ്മന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കർഷകർക്ക് വിപണിയിലെത്താനുള്ള ഏക റോഡാണിത്. കാർഷിക വിളകളും മറ്റും തലച്ചുമടായി കൊണ്ടുവരാൻപോലും ആകാത്തതിന്റെ മനോവിഷമത്തിലാണ് കർഷകർ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തങ്ങളുടെ പ്രതിഷേധം എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരെയും അറിയിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റമുണ്ടാകണം

വാളകം വിപണി മുതൽ കുരുവിള ഭാഗംവരെയുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് കേരള കോൺഗ്രസ് (ബി) വാളകം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുംവിധമാണ് റോഡിനോട് അധികൃതർ കാട്ടുന്ന അവഗണന. ഒരു പ്രദേശം മുഴുവൻ ഇപ്പോൾ ദുരിതം അനുഭവിക്കുകയാണെന്നും ഈ സ്ഥിതി ഇനി തുടരാനാവില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി. ശ്യാംകുമാർ, സണ്ണി കടയിൽ, അലക്സ് മാമ്പുഴ, ബിജു എന്നിവർ സംസാരിച്ചു.