 
കൊല്ലം: നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാവുകൾ സമ്മാനിച്ച കരടി ഒടുവിൽ വനംവകുപ്പിന്റെ ഹണിട്രാപ്പിൽ കുടുങ്ങി. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിൽ പാൽവക്കോടിലാണ് കരടി കുടുങ്ങിയത്. വെള്ളിയാഴ്ച രാവിലെയാണ് ഉള്ളിൽ തേൻ നിറച്ച കൂട്ടിൽ കരടി അകപ്പെട്ടത്. വൈകിട്ട് നാലോടെ ജനവാസമേഖലയിൽ നിന്ന് 30 കിലോ മീറ്റർ ഉള്ളിൽ അച്ചൻകോവിൽ വനത്തിൽ കരടിയെ തുറന്നുവിട്ടു. പെൺകരടിയാണ്. ഏകദേശം 12 വയസ് പ്രായം കാണുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.
വനത്തിൽ നിന്ന് ഇറങ്ങിയിട്ട് രണ്ട് മാസമെങ്കിലും ആയിക്കാണുമെന്നാണ് വിലയിരുത്തൽ. പകൽ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കും. രാത്രി ഇര തേടിയിറങ്ങും. അങ്ങനെ കറങ്ങുന്നതിനിടയിലാണ് കഴിഞ്ഞ മാസം 7ന് പുലർച്ചെ ചാത്തന്നൂർ ജെ.എസ്.എം ആശുപത്രിക്ക് സമീപത്ത് വച്ച് കാർ യാത്രക്കാരായ യുവാക്കളുടെ കണ്ണിൽപ്പെട്ടത്. കുറ്റാക്കൂറ്റിരുട്ട്, കാട്ടുചെടികൾക്കിടയിൽ നിന്ന് മുരൾച്ചയോടെ എന്തോ ചാടി വീണു. കറുത്തിരുണ്ട് നാല് കാലുണ്ട്. പുറം നിറയെ രോമങ്ങളും. കാട്ടുപൂച്ചയല്ല, അത് കരടിയാണ്. ടോർച്ചടിച്ചപ്പോൾ കാട്ടിലേക്ക് മറഞ്ഞു. പിന്നെ കണ്ടില്ല. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സുരേഷിന്റെ വാക്കുകൾ സഹപ്രവർത്തകർ പോലും അന്ന് വിശ്വസിച്ചില്ല. രണ്ട് ദിവസം പിന്നെ കരടിയെ കണ്ടില്ല. ഇതോടെ എസ്.ഐ പുളു പറഞ്ഞതാണെന്ന് എല്ലാവരും കരുതിയിരിക്കുമ്പോഴാണ് രണ്ട് ദിവസത്തിന് ശേഷം തൊട്ടടുത്ത് വിളപ്പുറത്ത് രാത്രി 9 ഓടെ വീണ്ടും കരടിയെ കണ്ടത്. ഒന്നല്ല, നാലുപേർ. കാൽപ്പാടുകൾ കിട്ടി. കരടി തന്നെയെന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം ചാത്തന്നൂർ സ്പിന്നിംഗ് മിൽ പരിസരത്ത് ഉള്ളിൽ തേൻ നിറച്ച് കെണിവച്ചു. പക്ഷെ കരടി പോയിട്ട് കാക്കപോലും കുടുങ്ങിയില്ല.
ഇതിനിടയിൽ കരടിയെ അവിടെ കണ്ടു ഇവിടെ കണ്ടു, ഇങ്ങനെ നാട്ടിൽ കെട്ടുകഥകൾ പലതുമിറങ്ങി. വീണ്ടും രണ്ട് ദിവസത്തിന് ശേഷം പാരിപ്പള്ളി പുലിക്കുഴിയിൽ രാത്രി പലരും കരടിയെ കണ്ടു. നാട്ടുകാർ പന്തം കൊളുത്തി രാത്രി നാടു ചുറ്റിയെങ്കിലും കരടിയുടെ പൊടി പോലും കണ്ടില്ല. പിന്നെയും രണ്ടുദിവസം അനക്കമുണ്ടായില്ല. ഇതിനിടയിൽ പള്ളിക്കലിന് അടുത്ത് ഇളമ്പ്രക്കോട് കരടിയെ കണ്ടു. തൊട്ടടുത്ത ദിവസങ്ങളിൽ നാവായിക്കുളം, കല്ലമ്പലം എന്നിവിടങ്ങളിലും നാട്ടുകാരുടെ കൺമുന്നിൽ ഒരു മിന്നായം പോലെ കരടി മിന്നിമാഞ്ഞു. ഒടുവിലാണ് നാട്ടുകാരെ വട്ടംചുറ്റിച്ച കരടി തേൻ കെണിയിൽ പെട്ടത്.
 പാൽവക്കോടെത്തിയത് അഞ്ച് ദിവസം മുൻപ്
അഞ്ച് ദിവസം മുൻപാണ് കരടി പാൽവക്കോട് എത്തുന്നത്. വെറുതെ വന്നതല്ല, മണം പിടിച്ചെത്തിയതാണ്. നല്ല പച്ചതേനിന്റെ മണം. അവിടെ റബർക്കാട്ടിൽ തേൻകൃഷി ഉണ്ടായിരുന്നു. ആദ്യ ദിവസം കൂട് തകർത്ത് തേൻ കുടിച്ചു. രണ്ടാം ദിവസവും ആവർത്തിച്ചു. ഇതോടെ തേൻ മോഷ്ടാവ് കരടി തന്നെയെന്ന് ഉറപ്പിച്ചു. സ്ഥലത്തെ തേനീച്ച കൂടുകളെല്ലാം സമീപത്തെ വീട്ടിനുള്ളിൽ വച്ച് പൂട്ടി. ചാത്തന്നൂർ സ്പിന്നിംഗ് മില്ലിലിരുന്ന ഭീമൻ കൂട് പാൽവക്കോടിലെ റബർ കാട്ടിലെത്തിച്ചു. ഉള്ളിൽ നിറയെ തേനും നിറച്ചു. പതിവ് പോലെ വെള്ളിയാഴ്ച പുലർച്ചെ തേൻ തേടി കരടിയെത്തി. പക്ഷെ റബർ മരങ്ങളിലൊന്നും തേനീച്ച കൂടില്ല. എന്നിട്ടും എവിടെ നിന്നോ മണം വരുന്നു. മണം പിടിച്ച് കരടി കറങ്ങി. ഒടുവിൽ ഒരു തേനിച്ച കൂട് നിറയെ തേൻ കണ്ടു. അടുത്തെത്തിയതും ഉഗ്ര ശബ്ദം. ചുറ്റും ഇരുമ്പ് കമ്പികൾ. ചാടിയിട്ടും ചവിട്ടിയിട്ടും കൂട് പൊളിയുന്നില്ല. അങ്ങനെ ഒടുവിൽ കരടി ഹണി ട്രാപ്പിൽ കുടുങ്ങി.
 കരടി വന്ന വഴികൾ
1. കാട്ടിൽ നിന്ന് വഴി തെറ്റി എത്തിയതാകാം
2. മൃഗങ്ങൾ നാട്ടിലെത്തിയാലും മണം പിടിച്ച് വന്നവഴിയിലൂടെ മടങ്ങിപ്പോകും
3. മടങ്ങിപ്പോകാനാകാതെ നാട് കാടാക്കി ജീവിക്കാൻ തുടങ്ങിയതോടെ നാട്ടുകാരുടെ കണ്ണിൽപ്പെട്ടു
4. കാര്യമായി ഭക്ഷണമൊന്നും ലഭിച്ചില്ല
5. വനമേഖലയ്ക്ക് സമീപത്തുകൂടി കടന്നുവന്ന ലോറിക്ക് മുകളിൽപ്പെട്ട് നാട്ടിലെത്തിയതാകാം
6. അല്ലെങ്കിൽ ഇത്തിക്കര ആറ്റിലൂടെ ഒഴുക്കിൽപ്പെട്ട് എത്തിയതാകാം
 പെൺകരടി നാട്ടിലെത്തിയിട്ട്: 2 മാസം
 കൂട്ടിലായത്: 2ന്
 വയസ്: 12
 ആദ്യം കാണുന്നത്: സെപ്തംബർ 7ന്
''
ഇനി ഒരെണ്ണം കൂടി കാണുമെന്നാണ് കരടിയെ കണ്ടവർ പറയുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ കിലോ മീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിൽ കരടിയെ കണ്ടതായി കഥയുണ്ട്. എന്നാൽ തെളിവൊന്നും ലഭിച്ചിട്ടില്ല.
വനംവകുപ്പ്