sada
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങിലെ സദസ്

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടന വേദിയും ചടങ്ങകളും കൊവിഡ് പ്രോട്ടോക്കോളിലും പ്രൗഢഗംഭീരമായി. നൂറുപേർക്കുള്ളിലാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയതെങ്കിലും ക്ഷണിക്കപ്പെട്ട മുഴുവൻ പേരും ചടങ്ങിനെത്തിയെന്ന പ്രത്യേകതയുണ്ട്. കൊല്ലത്തെ എം.എൽ എമാരിൽ കെ.ബി. ഗണേഷ് കുമാർ ഒഴികെ എല്ലാവരുമെത്തി. നാല് എം.പി മാരും ഉണ്ടായിരുന്നു.
കൊല്ലത്ത് സർവകലാശാല സ്ഥാപിക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പത്രാധിപർ കെ. സുകുമാരനെയും ആർ. ശങ്കറിനെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും മുഖ്യമന്ത്രി എടുത്തുപറഞ്ഞാണ് പ്രസംഗിച്ചത്. ശ്രീനാരായണ ഓപ്പൺ സർവകലാശാലയെ രാജ്യത്തെ ഏറ്റവും മികവുറ്റ ഓപ്പൺ യൂണിവേഴ്‌സിറ്റികളിലൊന്നാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി കെ.ടി. ജലിൽ പറഞ്ഞു. മറ്റ് സർവകലാശാലകളിലേത് പോലെ എല്ലാ കോഴ്‌സുകൾക്കും തത്തുല്യ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയ്ക്കാകെ തിലകക്കുറിയായിരിക്കും സർവകലാശാലയെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഓപ്പൺ സർവകലാശാല ഗുരുദർശനം അന്വർത്ഥമാക്കിയതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയും പറഞ്ഞു. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കുമെന്നതാണ് സർവകലാശാലയുടെ പ്രത്യേകതയെന്നും മന്ത്രി വെളിപ്പെടുത്തി.

 പ്രവർത്തനം ആരംഭിച്ചു

സർവകലാശാലയുടെ പ്രവർത്തനം ആരംഭിച്ചു. സ്പെഷ്യൽ ഒാഫീസറാണ് കാര്യങ്ങൾ നോക്കുന്നത്. വെെകാതെ വി.സിയെയും മറ്റും നിയമിക്കും. 30,000 ചതുരശ്ര അടിയിലുള്ള വലിയ കെട്ടിടത്തിലാണ് സർവകലാശാല ആദ്യ മൂന്നുവർഷം പ്രവർത്തിക്കുക. പിന്നീട് സ്ഥിരം കെട്ടിടത്തിലേയ്ക്ക് മാറ്റും. സർ‌വകലാശാലയിൽ ശാസ്ത്ര ശാസ്ത്രേതര വിഷയങ്ങൾ പഠിക്കാം. ഈ അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും.