death-

അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

ഓയൂർ: ഇരുമ്പ് ഗ്രില്ലിൽ തൂങ്ങിയാടി കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും തക‌ർന്ന് ദേഹത്തുവീണ് രണ്ട് വയസുകാരി മരിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. ആക്കൽ പെരപ്പയം മണിച്ചേമ്പിൽ വീട്ടിൽ നൗഫൽ- തൗബ ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമയാണ് മരിച്ചത്.

വീടിന് സമീപമുള്ള തൊഴുത്തിലേക്ക് കയറുന്ന വാതിലിന്റെ ഗ്രില്ലിൽ ചവിട്ടി നിന്ന് ഹന്നയും സഹോദരൻ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടുന്നതിനിടെ ഭിത്തി ഉൾപ്പെടെ പൊളിഞ്ഞ് ഹന്നയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിവന്ന വീട്ടുകാരും അയൽവാസികളും ചേർന്ന് ഗ്രിൽ ഇളക്കിമാറ്റി ഹന്നയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.