vibin
വിബിൻ വിജയ്.

ചെറുതോണി: രണ്ടുകിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. കൊല്ലം പത്തനാപുരം ചെറുകടവ് സ്വദേശി ബിനുഭവനിൽ വിബിൻ വിജയ് (24) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറോടെ ഇടുക്കി എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. മുരിക്കാശേരി- തോപ്രാംകുടി റോഡിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. ഇയാൾ ഇപ്പോൾ മൂവാറ്റുപുഴയിലാണ് താമസിക്കുന്നത്. ഇടുക്കിയിൽ നിന്നും വാങ്ങിയ കഞ്ചാവ് മൂവാറ്റുപുഴയിൽ എത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമം. കഞ്ചാവുമായി ബൈക്കിൽ മൂവാറ്റുപുഴയിലേക്ക് മടങ്ങവെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചും കൂടുതൽ ആളുകൾ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾഅന്വേഷിച്ചുവരികയാണെന്ന് എക്‌സൈസ് സി.ഐ സുരേഷ്‌കുമാർ പറഞ്ഞു. പ്രിവന്റിവ് ഓഫീസർ പി.ആർ സുനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.എം. ജലീൽ, സിജുമോൻ, അനൂപ് തോമസ്, ജോഫിൽ ജോൺ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.