co

 മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യവകുപ്പ്

കൊല്ലം: കൊവിഡ് അതിവ്യാപനം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ്. സ്വയം നിയന്ത്രണത്തിൽ വീഴ്ച ഉണ്ടാകുന്നുവെന്ന തിരിച്ചറിവിലാണ് ജില്ലാ കളക്ടർ സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ നിലവിൽ വന്നിട്ടും ശനിയാഴ്ച നിരത്തുകളിലെ തിരക്കിന് കുറവുണ്ടായില്ല. ഇന്നലെ ഞയറാഴ്ചയുടെ അവധി ആലസ്യം നിരത്തിൽ പ്രകടമായിരുന്നെങ്കിലും ഇന്ന് സ്ഥിതി മാറാനാണ് സാദ്ധ്യത. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങൾ തുറക്കുമ്പോൾ വലിയ തോതിൽ ജനങ്ങൾ എത്തുമെന്നാണ് കരുതുന്നത്. ബാങ്കുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം തന്നെ ആവശ്യമായി വരും.

നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും കൊവിഡ് ജാഗ്രതയിൽ വീഴ്ച ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് രോഗികളുമായി സാമൂഹ്യഅകലവും മാസ്കും ഇല്ലാതെ ഇടപെട്ട് പ്രാഥമിക സമ്പർക്കത്തിലായവർ ആരോഗ്യ വകുപ്പിനെ അറിയിക്കാതെ, നിരീക്ഷണത്തിൽ പ്രവേശിക്കാതെ പെരുമാറുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരം അലക്ഷ്യമായ ഇടപെടൽ രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്ന ആശങ്ക ശക്തമാണ്.

 പ്രാഥമിക സമ്പർക്കത്തിൽ വന്നവർ

നിരീക്ഷണത്തിൽ പോകണം

രോഗ ബാധിതരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവർ 14 ദിവസം നിർബന്ധമായും നിരീക്ഷണത്തിൽ പോകണമെന്ന് ജില്ലാ തല അവലോകനയോഗം. യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയാണ് ഇത് സംബന്ധിച്ച് നിർദേശം മുന്നോട്ടുവച്ചത്. തീരമേഖലയിൽ ഗൃഹനിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് തലങ്ങളിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗങ്ങൾ ഉടൻ ചേരും. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.


 വ്യാപാര കേന്ദ്രങ്ങൾ

7 മുതൽ വൈകിട്ട് 7 വരെ

ജില്ലയിലെ കടകൾ ഉൾപ്പെടെയുള്ള എല്ലാ വ്യാപാര കേന്ദ്രങ്ങളുടെയും പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയായി പുനഃക്രമീകരിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായിട്ടാണ് പുതിയ സമയക്രമം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് പുതിയ സമയക്രമം ബാധകമല്ല. ഭക്ഷണശാലകൾക്ക് രാത്രി 9 വരെ പ്രവർത്തിക്കാം.

 വരിഞ്ഞുകെട്ടാൻ പലവഴികൾ

1. കൊവിഡ് ബാധിതർക്ക് പരമാവധി ഗൃഹചികിത്സ പ്രോത്സാഹിപ്പിക്കുകയാണ്. വീടിന്റെ അന്തരീക്ഷത്തിലുള്ള ചികിത്സ മിക്കവർക്കും രോഗത്തെ അതിജീവിക്കാൻ മാനസികമായ കരുത്ത് നൽകും

2. 144 നിലനിൽക്കുന്നതിൽ പൊലീസിന്റെ മിന്നൽ പരിശോധന എല്ലാ മേഖലകളിലുമുണ്ടാകും

3. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ നിരോധനാജ്ഞ ലംഘനത്തിന് നടപടി നേരിടേണ്ടിവരും

4. സാമൂഹ്യ അകലം, ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തൽ, മാസ്‌ക് ധരിക്കൽ എന്നിവ വ്യാപാരസ്ഥാപനങ്ങളിൽ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും

5. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ജോലിയിലേർപ്പെടുന്ന തൊഴിലാളികളും നടപടി നേരിടും

6. പൊലീസിന് പുറമെ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകൾ ജില്ലയിലെ മുഴുവൻ മേഖലകളിലും പരിശോധന നടത്തും

''

കൊവിഡ് വ്യാപനത്തിന്റെ തീവ്രത നേരിട്ട് ബോദ്ധ്യപ്പെടുത്തുകയാണ് അപ്രതീക്ഷിത പരിശോധനകളുടെ ലക്ഷ്യം. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരറിയിപ്പുണ്ടാകുന്നതുവരെ കടകളടച്ചിടും.

ബി. അബ്ദുൽ നാസർ, ജില്ലാ കളക്ടർ