ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ആസ്ഥാനം
കൊല്ലം: ആണ്ടാമുക്കത്തുള്ള നഗരസഭയുടെ അഞ്ചര ഏക്കർ സ്ഥലം ഉന്നതവിദ്യാഭ്യാസ വകുപ്പിന് കൈമാറിയാൽ നഗരഹൃദയത്തിൽ തന്നെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സ്ഥിരം ആസ്ഥാനമുയരും.
സർവകലാശാല ആസ്ഥാനത്തിന് അഞ്ച് ഏക്കർ ഭൂമി മതി. ഒഴിഞ്ഞുകിടക്കുന്ന റവന്യൂ ഭൂമി പരതിപ്പോയാൽ സർവകലാശാല ആസ്ഥാനം നഗരഹൃദയത്തിൽ നിന്ന് പുറത്തേക്ക് പോകും.
നേരത്തെ ഇവിടെ വമ്പൻ കൺവെൻഷൻ സെന്റർ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ടായിരുന്നു. സർക്കാരിൽ നിന്ന് പദ്ധതിക്ക് സാമ്പത്തിക സഹായം കിട്ടാതിരുന്നതിനാൽ ഉപേക്ഷിച്ചു.
അതുകൊണ്ട് തന്നെ നഗരസഭയ്ക്ക് ഈ ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പുണ്ടാകില്ലെന്നാണ് പ്രതീക്ഷ. നേരത്തെ ഈ സ്ഥലം കൊല്ലം ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലായിരുന്നു. അതോറിറ്റി പിരിച്ചുവിട്ട് ആസ്തികൾ കോർപ്പറേഷന് കൈമാറിയതോടെയാണ് ഈ സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലായത്. ഡെവലപ്പ്മെന്റ് അതോറിറ്റി ആരംഭിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം ഇവിടെ പുരോഗമിക്കുന്നുണ്ട്.
ഇപ്പോൾ പൂർത്തിയായ നിർമ്മാണങ്ങൾ സർവകലാശാല ആസ്ഥാനത്തിന് പ്രയോജനപ്പെടുത്താവുന്ന തരത്തിലാണ്. നിലവിൽ സർവകലാശാലയുടെ സ്ഥിരം ആസ്ഥാനത്തിന് ഭൂമി കണ്ടെത്താൻ സർക്കാർ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
നിലപാടെടുത്താൽ നടപടി മുന്നോട്ട്
നഗരസഭ അനുകൂല നിലപാട് സ്വീകരിച്ചാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഭൂമി കൈമാറി കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കും. ഭൂമി കൈമാറാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനമെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പിനെ അറിയിക്കണം. ഇതോടെ തദ്ദേശ വകുപ്പ് ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറും. നഗരസഭാ ഭൂമിയോട് ചേർന്നുതന്നെ കെ.എസ്.ആർ.ടി.സിക്ക് 50 സെന്റ് സ്ഥലമുണ്ട്. നേരത്തെ ഇവിടെ ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഈ സ്ഥലം കൂടി കൈമാറി കിട്ടിയാൽ സർവകലാശാലയ്ക്ക് ആറ് ഏക്കർ സ്ഥലമാകും.
ആണ്ടാമുക്കത്തുള്ളത്
നഗരസഭയുടെ 5.5 ഏക്കർ
കെ.എസ്.ആർ.ടി.സി: 50 സെന്റ്
സർവകലാശാലയ്ക്ക് വേണ്ടത്: 5 ഏക്കർ
''
സർവകലാശാല ആസ്ഥാനം നഗരഹൃദയത്തിൽ തന്നെയാകണമെന്നാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുനിലപാട്. അതുകൊണ്ട് തന്നെ ആണ്ടാമുക്കത്തെ നഗരസഭയുടെ ഭൂമി കൈമാറുന്നതിൽ എതിർപ്പ് ഉയരാൻ സാദ്ധ്യതയില്ല.
രാഷ്ട്രീയ കക്ഷികൾ