 
കൊല്ലം: നാടെങ്ങും വായനശാലകളുണ്ട്. വായനശാല കമ്മിറ്റികളിൽ പെണ്ണുങ്ങളുണ്ട്. വനിതാ സബ് സബ് കമ്മിറ്റികളുമുണ്ട്. പക്ഷെ ആകെ നിയന്ത്രണം പുരുഷന്മാർക്കാണ്. ദേ ഇന്നലെ കൊല്ലം ബീച്ചിനരികെ വെടിക്കുന്നിൽ നേതാജി എന്ന പേരിൽ ഒരു വായനശാല തുറന്നു. അവിടെ പുരുഷന്മാർ വെറും വായനക്കാരും അംഗങ്ങളും മാത്രമാകും. വായനശാല കമ്മിറ്റിയിലും പെണ്ണുങ്ങൾ മാത്രം. അതുകൊണ്ട് ഭാരവാഹികളും പെണ്ണുങ്ങളാകും. ഇവിടം നാളെ നഗരത്തിലെ പെൺകരുത്തിന്റെ അടയാളമായി മാറും.
പണ്ട് ഇവിടെ ഒരു ഓല ഷെഡിൽ അംഗൻവാടി ഉണ്ടായിരുന്നു. കൂടെ ഒഴിഞ്ഞുകിടന്ന സ്ഥലത്ത് പ്രദേശവാസികൾ കൂട്ടംകൂടി പത്രം വായിക്കും. കാറ്റിലും മഴയിലും ഓല ഷെഡ് നിലംപൊത്തി. ഇതോടെ അംഗൻവാടി വഴിയാധാരമായി. അന്നത്തെ കൊല്ലം എം.പി പീതാംബരക്കുറുപ്പ് സ്ഥലത്ത് അംഗൻവാടി കെട്ടാൻ പണം വാഗ്ദാനം ചെയ്തു. ഒപ്പം ഒരു വായനശാല കൂടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അങ്ങനെ അംഗൻവാടിക്കും വായനശാലയ്ക്കുമായി രണ്ട് നില കെട്ടിടത്തിന് എം.പി ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ നൽകി. അന്ന് നഗരത്തിൽ 49 ഓളം പൊതുവായനശാലകളുണ്ട്. എല്ലാത്തിന്റെയും ഭരണക്കാർ ആണുങ്ങളാണ്. വെടിക്കുന്ന് വായനശാല ഒരു മാറ്റമാകണമെന്ന് സ്ഥലം കൗൺസിലർ ശാന്തിനി ശുഭദേവൻ ആവശ്യപ്പെട്ടു. അന്നത്തെ വനിതാ മേയർ പ്രസന്ന ഏണസ്റ്റ് തീരുമാനമെടുത്തു. വെടിക്കുന്ന് വായനശാലയിലെ അക്ഷരങ്ങൾക്ക് കാവൽ പെണ്ണുങ്ങൾ.
 സ്വപ്നങ്ങൾ നെയ്ത് പെൺകൂട്ടായ്മ
കെട്ടിട നിർമ്മാണം കഴിഞ്ഞു. താഴത്തെ നിലയിൽ അംഗൻവാടി തുറന്നു. പക്ഷെ മുകളിലത്തെ നില അനാഥമായി കിടന്നു. പെണ്ണുങ്ങൾക്ക് തീറെഴുതിയത് കൊണ്ടോണോ എന്തോ ആണുങ്ങളാരും മുൻകൈയെടുത്തില്ല. ഒടുവിൽ പെണ്ണുങ്ങൾ തന്നെ ഇറങ്ങി. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ എം. നൗഷാദ് എം.എൽ.എ ഇന്നലെ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. പതിനൊന്ന് അംഗ വനിതാ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് ലൈബ്രറിക്കുള്ളത്. ഇതിൽ നിന്ന് ഭാരവാഹികളെ വൈകാതെ തിരഞ്ഞെടുക്കും. എന്നിട്ട് പുസ്തകങ്ങൾ സമാഹരിക്കും. അംഗങ്ങളെ ചേർക്കും. ലൈബ്രറി കൗൺസിലിന്റെ അംഗീകാരം വാങ്ങും. കാലിക വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കും. ചടുലമായ സമൂഹ്യ ഇടപെടലിന്റെ കേന്ദ്രമാക്കും. ഇങ്ങനെ നീളുന്നു പെൺകൂട്ടായ്മയുടെ സ്വപ്നങ്ങൾ.
 തങ്ങളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം
ആണുങ്ങളെയും ലൈബ്രറി കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തുണ്ട്. നേരത്തെ ഇവിടെ നേതാജി എന്ന പേരിൽ ലൈബ്രറി പ്രവർത്തിച്ചിരുന്നുവെന്നും ഇതിന്റെ ഭാരവാഹികൾ പുരുഷന്മാരായിരുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. കൂടുതൽ യുവാക്കൾ ഉള്ള മേഖലയാണിത്. ലൈബ്രറിയുടെ നേതൃത്വത്തിൽ കായിക മത്സരങ്ങളടക്കം ഇവർ സ്വപ്നം കണ്ടിരുന്നു. സമീപവാസികളായ സ്ത്രീകളെ അവഗണിച്ച് ദൂരസ്ഥലങ്ങളിൽ ഉള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതായും പരാതിയുണ്ട്. പ്രാദേശിക സി.പി.എം പ്രവർത്തകരടക്കം എതിർപ്പുമായി രംഗത്തുണ്ട്.
''
വനിതകൾ സംഘാടകരായുള്ള ലൈബ്രറി വലിയ പ്രതീക്ഷ നൽകുന്നു. ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന സ്ത്രീകൾ ഇങ്ങനെ മുഖ്യധാരയിലേക്ക് കടന്നുവരണം. എല്ലാ പിന്തുണയും നൽകും.
ഡി. സുകേശൻ
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി
''
വൈകാതെ പുസ്തസമാഹരണവും വിതരണവും തുടങ്ങും. അഫിലേഷൻ വാങ്ങിയെടുത്ത് ലൈബ്രറി കൗൺസിലിന്റെയും നഗരസഭയുടെയും സഹായത്തോടെ വായനശാലയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും.
ശാന്തിനി ശുഭദേവൻ
നഗരസഭാ കൗൺസിലർ