
പത്തനാപുരം: അടച്ചുറപ്പില്ലാത്ത വീട്ടിൽ മാതാപിതാക്കൾക്കും അനുജത്തിക്കുമൊപ്പം കിടന്നുറങ്ങിയ ബാലിക പാമ്പുകടിയേറ്റ് മരിച്ചു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് - സിന്ധു ദമ്പതികളുടെ മൂത്ത മകൾ ആദിത്യയാണ് (10) മരിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് പാമ്പുകടിയേറ്റത്. മറ്റെന്തോ കടിച്ചതാകാമെന്നാണ് മാതാപിതാക്കൾ കരുതിയത്. അവശയായ കുട്ടിക്ക് വേദന അസഹ്യമായതോടെ ശനിയാഴ്ച രാവിലെ 6 ഓടെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. തുടർന്ന് പുഷ്പഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെയോടെയാണ് മരിച്ചത്. മാങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
തറയും ഭിത്തിയും മേൽക്കൂരയും ഒരുപോലെ തകർന്ന വീടിന്റെ മുകൾഭാഗം പ്ലാസ്റ്റിക് കെട്ടിയ നിലയിലാണ്. അടച്ചുറപ്പില്ലാത്ത വീട്ടിൽ ആദിത്യയും ഇളയ സഹോദരി അഞ്ച് വയസുകാരി അധീനയും നിലത്ത് പായയിലാണ് കിടന്നിരുന്നത്. വാതിൽപടിയിലൂടെയോ മൺചുവരിലെ മാളത്തിലൂടെയോ അകത്തുകടന്ന ശംഖുവരയനാണ് ആദിത്യയുടെ ചെവിഭാഗത്ത് കടിച്ചത്. വീട്ടിലെ മാളത്തിലുണ്ടായിരുന്ന പാമ്പിനെ വാർഡ് കൗൺസിലർ രാജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി. അടൂർ ജനറൽ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.