 
ശാസ്താംകോട്ട: പൈപ്പ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കു മുന്നിൽ കണ്ണു തുറക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട മുതൽ ചവറയിലെ ടൈറ്റാനിയം ജംഗ്ഷൻ വരെ 10.5 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് റോഡ് തകർന്നിട്ട് വർഷങ്ങളായി. ശാസ്താംകോട്ടയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകുന്നതിനായി സ്ഥാപിച്ച കൂറ്റൻ പൈപ്പുകൾക്ക് സമാന്തരമായി ശാസ്താംകോട്ട മുതൽ ചവറയിലെ ടൈറ്റാനിയം ജംഗ്ഷൻ വരെയുള്ള പാതയാണ് പൈപ്പ് റോഡ്. പതിനഞ്ച് മീറ്ററിലധികം വീതിയുള്ള റോഡിൽ 3 മീറ്റർ വീതിയിൽ 2005 ൽ ടാർ ചെയ്ത റോഡ് തകർന്നിട്ട് വർഷങ്ങളായി.
റോഡ് നിറയെ കുഴികൾ
പന്മന, തേവലക്കര, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ്. മാത്രമല്ല ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് എത്താനും ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണ്. പൈപ്പ് റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി നടത്തിയ പരിശ്രമങ്ങളുടെ ഫലമായി 2005 ൽ റോഡ് ടാർ ചെയ്തത്. ടിപ്പറും, മണൽ ലോറികളും ഉൾപ്പടെ വലിയ വാഹനങ്ങൾ റോഡിലൂടെ പോകാതിരിക്കാൻ ക്രോസ് ബാറുകൾ ഉൾപ്പടെ സ്ഥാപിച്ചെങ്കിലും അതൊന്നും ഒരു പാട് നാൾ നിലനിന്നില്ല. വലിയ വാഹനങ്ങൾ ചീറി പാഞ്ഞതോടെ റോഡിലെ മെറ്റൽ ഇളകി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.
തിരക്ക് കുറയും അപകടവും
പൈപ്പ് റോഡ് നവീകരിച്ചാൽ ശാസ്താംകോട്ട - ചവറ പ്രധാന പാതയിലെ തിരക്ക് കുറയുകയും അപകടങ്ങൾ കുറയുകയും ചെയ്യും. ശാസ്താംകോട്ട മുതൽ ആഞ്ഞിലിമൂട് വരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡു നവീകരിക്കാൻ നടപടി തുടങ്ങിയെങ്കിലുംജല അതോറിട്ടിയുടെ എതിർപ്പുമൂലം ആ ശ്രമം ഉപേക്ഷിച്ചു. നാട്ടിലെ ഒട്ടുമിക്ക റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുമ്പോഴും രണ്ടു നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പൈപ്പ് റോഡ് നവീകരിക്കുന്നതിൽ അധികാരികൾ പുലർത്തുന്ന നിരുത്തരവാദിത്തപരമായ നടപടിക്കെതിരെ ജനകീയ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
. " ഒരു നാടിന്റെ സമഗ്രമായ മാറ്റത്തിന് കാരണമാകുന്ന പൈപ്പ് റോഡിന്റെ നവീകരണത്തിന് അധികാരികൾ ഇനിയെങ്കിലും തയ്യാറാകണം"
. പ്രശാന്ത് പ്രണവം പ്രദേശ വാസി
" ത്രിതല പഞ്ചായത്തു സംവിധാനങ്ങളെ കൂടി സംയോജിപ്പിച്ച് പൈപ്പ് റോഡ് വിപുലീകരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് ജല അതോറിട്ടി തയ്യാറാവണം"
ടി.മോഹനൻ ഗ്രാമപഞ്ചായത്ത് അംഗം മൈനാഗപ്പള്ളി
കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ഇടപെട്ട് നാലു പഞ്ചായത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ പൈപ്പ് റോഡിന്റെ നവീകരണം യാഥാർത്ഥ്യമാക്കണം"
കെ. ഭാസുരംഗൻ. കൺവീനർ പൈപ്പ് റോഡ് വികസന സമിതി