 
പരവൂർ: വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയക്കോവിൽ സമൃദ്ധി നഗറിൽ രഞ്ജിത്ത് രാജ് (21), ആശ്രാമം ശ്രീശൈലം വീട്ടിൽ രാഹുൽ കൃഷ്ണ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം പരവൂർ ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 2018ൽ പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ വച്ച് ഷഹീർ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ എട്ടാം പ്രതിയും ഒൻപതാം പ്രതിയുമാണ് പിടിയിലായത്. കേസിലെ മറ്റ് 6 പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പരവൂർ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി. ജയകുമാർ, അഖിൽദേവ്, ഷൂജ, എ.എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫിസർമാരായ ലേഖ, അനീഷ്, ലിജു എന്നിവിരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.