
കൊല്ലം: വീണ്ടുമൊരു തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങുമ്പോൾ രാഷ്ട്രീയ മുന്നണികൾക്ക് പന്മന പഞ്ചായത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിധി ഓർക്കാതെ പോകാനാകില്ല. 23 വാർഡുകളുള്ള പന്മനയിലെ 13 വാർഡുകളിൽ വിജയിച്ച് എൽ.ഡി.എഫ് ആധികാരിക ഭൂരിപക്ഷം നേടിയെങ്കിലും പ്രസിഡന്റ് പദവിയിൽ ഇരിക്കാനായില്ല.
പട്ടികജാതി വനിതയ്‌ക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്‌ത പഞ്ചായത്തിലെ 23 അംഗങ്ങളിൽ ഒരു പട്ടികജാതി വനിത മാത്രമാണ് ഉണ്ടായിരുന്നത്. പട്ടികജാതി വനിതാ സംവരണ വാർഡായ പന്മന വാർഡിൽ നിന്ന് വിജയിച്ചെത്തിയ കോൺഗ്രസിന്റെ എസ്. ശാലിനി. ഇതോടെ എൽ.ഡി.എഫിന്റെ ആധികാരിക ഭൂരിപക്ഷത്തെയൊക്കെ മറികടന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രസിഡന്റ് പദവിയിലെത്തി.
രാഷ്ട്രീയമായി കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പന്മന അവർക്ക് അധികാരത്തിന്റെ ആശ്വാസമായി. ജില്ലയിലെ 68 പഞ്ചായത്തുകളിൽ പന്മന ഉൾപ്പെടെ 11 പഞ്ചായത്തുകളിൽ മാത്രമാണ് യു.ഡി.എഫ് അധികാരത്തിലുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റി, കൊല്ലം നഗരസഭ എന്നിവിടങ്ങളിലും അധികാരം യു.ഡി.എഫിനൊപ്പമെത്തിയില്ല. വലിയ രാഷ്ട്രീയ വിജയം നേടിയെങ്കിലും പന്മന നൽകിയ തിരിച്ചടിയും തിരിച്ചറിവും എൽ.ഡി.എഫിന് ചെറുതായിരുന്നില്ല.
അതിനാൽ ഔദ്യോഗിക പദവി സംവരണം ചെയ്യപ്പെടുന്ന പഞ്ചായത്തുകളിൽ കൂടുതൽ കൃത്യതയോടെ അധികാരത്തിലേക്ക് ആസൂത്രണം ഉണ്ടാകണമെന്ന ബോദ്ധ്യത്തിലാണ് എൽ.ഡി.എഫ് നീങ്ങുന്നത്. പന്മനയിൽ കഴിഞ്ഞ തവണ സി.പി.എം (10), സി.പി.ഐ (3), കോൺഗ്രസ് (6), ആർ.എസ്.പി (3), സ്വതന്ത്രൻ (1) എന്നിങ്ങനെ ആയിരുന്നു കക്ഷിനില. ഇത്തവണ പൂർണമായി അധികാരം ഉറപ്പാക്കാൻ എ.ഡി.എഫും ഭരണ തുടർച്ച നേടാൻ യു.ഡി.എഫും പന്മനയിൽ പ്രചാരണങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു.