 
പത്തനാപുരം: വീട്ടുകാരുടെയും നാട്ടുകാരുടെയും കിലുക്കാംപെട്ടിയായ കൺമണിയുടെ ചേതനയറ്റ ശരീരം വീട്ടിലേക്ക് എത്തിച്ചപ്പോൾ കണ്ണീർപ്പുഴ ആ കൊച്ചുമൺകുടിലിനിയാകെ നനയിച്ചു. ചരുവിള പുത്തൻവീട്ടിൽ രാജീവ് - സിന്ധു ദമ്പതികളുടെ മൂത്ത മകൾ ആദിത്യയാണ് (10) പാമ്പുകടിയേറ്റ് മരിച്ചത്.
അമ്മ സിന്ധുവിന്റെയും മുത്തശിയുടെയും മറ്റ് ബന്ധുക്കളുടെയും നിലവിളി നാടിനെയാകെ കണ്ണീരിൽ മുക്കി. വീട്ടുകാരുടെ മാത്രമല്ല പ്രദേശവാസികളുടെയും കിലുക്കാംപെട്ടിയായിരുന്നു ആദിത്യ. പഠനത്തിൽ മിടുക്കിയായിരുന്നതിനൊപ്പം സ്കൂളിലും പ്രദേശത്തെ വിവിധ സംഘടനകളുടെ പരിപാടികളിലും ആദിത്യ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
മത്സരങ്ങളിൽ ആദിത്യയ്ക്ക് ലഭിച്ച സമ്മാനങ്ങളും സ്കൂളിൽ കൊണ്ടുപോയിരുന്ന പുസ്തകസഞ്ചിയും ചോർന്നൊലിക്കുന്ന വീടിന്റെ മൂലയിൽ കൂടിക്കിടന്നത് നൊമ്പര കാഴ്ചയായി. സിനിമാ ഗാനങ്ങൾക്കൊപ്പം അഞ്ച് വയസുകാരിയായ അനുജത്തി അധീനയെ ആദിത്യ നൃത്തം പഠിപ്പിക്കുന്നത് വീട്ടുകാർക്കും സമീപവാസികൾക്കും മറക്കാനാകുന്നില്ല.
അദ്ധ്യാപികയാകണമെന്ന മോഹം വീട്ടുകാരോടും അദ്ധ്യാപകരോടും കൂട്ടുകാരോടും പങ്കുവയ്ക്കുമായിരുന്നു. മഴയും കാറ്റും വരുമ്പോൾ ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് അമ്മ സിന്ധുവിനോട് പറഞ്ഞിരുന്നു, വിദേശത്ത് ജോലിയിലുള്ള അച്ഛൻ വരുമ്പോൾ നമുക്കും വീട് വയ്ക്കണമെന്ന്. തനിക്ക് പ്രത്യേക പഠനമുറിയും പൂജാമുറിയും വേണമെന്നും അവൾ പറഞ്ഞിരുന്നു.
വീടിനോട് ചേർന്ന് മുറ്റത്ത് തന്നെയാണ് ആദിത്യയുടെ അന്ത്യവിശ്രമത്തിന് കുഴി ഒരുക്കിയത്. കർമ്മങ്ങൾക്ക് ശേഷം ആദിത്യയുടെ ശരീരം കുഴിമാടത്തിലേക്ക് എടുത്തപ്പോൾ തേങ്ങലുകൾ അലമുറയായി ഉയർന്നു. അമ്മ സിന്ധുവിനെയും നാട്ടിലുള്ള പിതാവ് രാജീവിനെയും ഏറെ പണിപ്പെട്ടാണ് ബന്ധുക്കൾ ആശ്വസിപ്പിച്ചത്. അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ എന്റെ പൊന്നുമോളുടെ ജീവൻ പൊലിയുമായിരുന്നില്ല. അവിളില്ലാതെ ഇനി ഞങ്ങൾക്കെന്തിനാ വീട്, രാജീവിന്റെ വാക്കുകൾക്ക് മുന്നിൽ നാടൊന്നാകെ തെങ്ങലിൽ മുങ്ങി.
''
ലൈഫ്മിഷൻ പദ്ധതി പ്രകാരം രണ്ടുപ്രാവിശ്യം വീടിന് അനുമതി ലഭിച്ചിരുന്നു. ഇപ്പോൾ വീട് വേണ്ടെന്ന് ആദിത്യയുടെ വീട്ടുകാർ പറഞ്ഞിരുന്നു. നിലവിലെ ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.
കെ.പി. രാജു
വാർഡ് കൗൺസിലർ