chik
ചികിത്സാ ധനസഹായത്തിൽനിന്ന് ബാക്കി വന്ന തുക ശരത് പ്രകാശിനു കൈമാറുന്നു

ചവറ: ചികിത്സാ ധനസഹായമായി കിട്ടിയ തുകയിൽ ബാക്കി വന്നത് നിർദ്ധന രോഗിക്കു നൽകി യുവാവ് മാതൃകയായി. ചവറ സൗത്ത് വടക്കുംഭാഗം ഐക്കരയിൽ ശരത് ആണ് തനിക്ക് കോക്ലിയർ ഇംപ്ലാന്റേഷനു വേണ്ടി ചികിത്സാ സഹായ സമിതി സ്വരൂപിച്ച തുകയിൽ നിന്നു ബാക്കിവന്ന തുക മുട്ടത്ത്,​ താഴെയിറക്കം അനൂപ് ഭവനിൽ പ്രകാശിനു കൈമാറിയത്. കെ.എസ്.ഇ.ബിയിൽ കരാർത്തൊഴിലാളിയായ പ്രകാശ് വൈദ്യുതി പോസ്റ്റിൽനിന്നു വീണ് ഏറെ നാളായി കിടപ്പിലാണ്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പ്രകാശ്. കഴിഞ്ഞ ദിവസം ഇ .എം .എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) സെക്രട്ടറി സി .ശശിധരൻ, ചികിത്സാസഹായ സമിതി ട്രഷറർ സുഗതൻ വലിയമേനേഴത്ത് എന്നിവർക്കൊപ്പം പ്രകാശിന്റെ വീട്ടിലെത്തിയ ശരത് തുക പ്രകാശിനു കൈമാറി.
ചടങ്ങിൽ സി.പി. എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രദീപ് എസ് .പുല്യാഴം, ആർ .രാജേഷ്, ബ്രാഞ്ച് സെക്രട്ടറി ബിനു മുട്ടം, വാർഡ് അംഗം നിർമല, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം സച്ചിൻ രാജ് എന്നിവർ പങ്കെടുത്തു.