mathil
ഗുരു മന്ദിരം അടച്ചു മതിൽ കെട്ടിയ ഇപ്പോഴത്തെ അവസ്ഥ

ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം കടയ്ക്കോട് പടിഞ്ഞാറ്റിൻകര കെ.എൻ.സത്യപാലൻ സ്മാരക 5034-ാം നമ്പർ ശാഖയുടെ ഗുരുക്ഷേത്രം 6 അടി ഉയരത്തിൽ സ്നേഹമതിൽ കെട്ടി ദർശനം മറച്ചതിൽ വൻപ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ദിവസം മുന്നറിയിപ്പോ ,​അനുവാദമോ ഇല്ലാതെ 16 ഓളം പേർ യുദ്ധകാലാടിസ്ഥാനത്തിൽ 2 മണിക്കൂർ സമയമെടുത്താണാണ് ഈ അതിക്രമം കാട്ടിയത്. ഗുരുക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഭൂമി ശാഖാംഗം കൂടിയായ പ്രദേശവാസിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ വസ്തു ശാഖായോഗത്തിന് വിലയ്ക്ക് വാങ്ങാനുള്ള ചർച്ചകൾ നടന്നുവരുന്നതിനിടെയാണ് മതിൽകെട്ടി മറച്ചത്. പ്രശസ്ത ശില്പി വർക്കല മണി ആദ്യമായി നിർമ്മിച്ച ഗുരുദേവ വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.ശിവഗിരി ബ്രഹ്മ വിദ്യാലയത്തിൽ വളരെ പരിശുദ്ധിയോടെ പരിപാലിച്ചിരുന്ന ഈ വിഗ്രഹത്തെ ശാഖയ്ക്ക് ലഭിച്ചത് കൊട്ടാരക്കര യൂണിയൻ പ്രസിഡന്റായിരുന്ന കെ.എൻ. സത്യപാലൻ ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതികാനന്ദസ്വാമികളോട് ആവശ്യപ്പെട്ടതുകൊണ്ടായിരുന്നു.

1985 ൽ കടയ്ക്കോട് സ്ഥാപിതമായ ഗുരുധർമ്മ പ്രചാരണ സഭയുടെ സഹായത്തോടെയാണ് ഈ ഗുരുമന്ദിരം സ്ഥാപിച്ചത്. 1993 ൽ കെ.എൻ.സത്യപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ യോഗം പ്രസിഡന്റ് ഡോ.കെ.കെ രാഹുലൻ ഗുരുമന്ദിരം നാടിന് സമ‌ർപ്പിക്കുകയായിരുന്നു.പ്രതിഷ്ഠയ്ക്ക് ശേഷം വലിയ മാറ്റമാണ് നാടിനുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു.കഴിഞ്ഞ വർഷം 27-ാം വാർഷികം 3 ദിവസത്തെ ആഘോഷ പരിപാടികളോടെയാണ് നടത്തിയത്.

പ്രദേശവാസിയായ കരീപ്ര മുൻ പഞ്ചായത്ത് വനിതാപ്രസിഡന്റിന്റെ സഹായത്തോടെയാണ് ബന്ധുക്കൾ മതിൽ കെട്ടിയതെന്നാണ് നാട്ടുകാരുടെ പക്ഷം. അനധികൃതമായി കെട്ടിയുയർത്തിയ മതിൽ ഉടൻ പൊളിച്ചുമാറ്റണമെന്നും അല്ലാത്ത പക്ഷം വരുന്ന തെരെഞ്ഞുടുപ്പുകളിൽ ഇതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ സെക്രട്ടറി ജി.വിശ്വംഭരൻ എന്നിവർ അറിയിച്ചു. കൊട്ടാരക്കര യൂണിയൻ കൗൺസിൽ ,​ പടിഞ്ഞാറ്റിൻകര ശാഖാ ഭാരവാഹികൾ എന്നിവർ പ്രതിഷേധം അറിയിച്ചു.