paddy

കൊല്ലം: മയ്യനാട് കാരിക്കുഴി ഏലായെ കാർഷിക തനിമയിലേക്ക് വീണ്ടെടുക്കണമെന്ന ആവശ്യം ശക്തമാക്കി കാരിക്കുഴി ഏലാ സംരക്ഷണ സമിതി. കാൽ നൂറ്റാണ്ടിന് ശേഷം ഏലായിൽ ‌ഞാറ്റുപാട്ട് ഉയർന്നതിന്റെ ആഹ്ലാദത്തിലാണ് പ്രദേശവാസികളും കർഷകരും. ഏലായുടെ മുപ്പത് ഏക്കർ സ്ഥലത്ത് ഞാറ് നട്ട് കൃഷി തുടങ്ങി. യുവാക്കൾ, കൃഷിയെ സ്നേഹിക്കുന്ന മറ്റ് ജോലികൾ ചെയ്യുന്നവർ, വിവിധ ജോലികളിൽ നിന്ന് വിരമിച്ചവർ തുടങ്ങി നിരവധി പേരാണ് കൃഷി ഇറക്കി ഏലായുടെ വീണ്ടെുപ്പിനായി പരിശ്രമിക്കുന്നത്.

എന്നാൽ,​ എക്കാലവും കൃഷിയും ഏലയും നിലനിൽക്കണമെങ്കിൽ അനധികൃത കൈയേറ്റങ്ങൾ, നികത്തൽ എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കണം. ഇതിനായി സർക്കാർ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം ആവശ്യപ്പെടുകയാണിവർ.

കൊല്ലത്തിന്റെ നെല്ലറ

മയ്യനാട് - കൊല്ലം റെയിൽവേ ലൈനിൽ കല്ലറാംതോട് പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്നായിരുന്നു കാരിക്കുഴി ഏലായുടെ തുടക്കം. ഒരുകാലത്ത് വാളത്തുംഗൽ കരിയിലത്തോട് വയൽ മുതൽ തെക്കോട്ട് പോളയക്കണ്ടവും തുടർന്ന് വലിയവിള താഴെ വട്ടക്കായൽ വരെയും ഏലാ വ്യാപിച്ച് കിടന്നിരുന്നു. അനധികൃത നിലംനികത്തൽ കാരണം കരിക്കുഴി ഏലായുടെ ഏറിയഭാഗവും നിലവിൽ കൃഷിക്ക് യോഗ്യമല്ല. പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം ഉറപ്പാക്കാനും ഏലായിലെ കൃഷി ഉറപ്പാക്കുക മാത്രമാണ് ഏകവഴി.

കോറപ്പുല്ലുകൾ നീക്കണം

ഏലായിൽ കൃഷിക്ക് തടസമായുള്ള കോറപ്പുല്ലുകൾ ഉടൻ നീക്കം ചെയ്യാൻ നഗരസഭ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്. ഏലായിലേക്കുള്ള സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തുന്ന പ്രവർത്തനങ്ങളെല്ലാം നിർത്തേണ്ടതുണ്ട്. നെൽവയലുകളിൽ ജലസേചന സംവിധാനം ഒരുക്കാൻ കാരിക്കുഴി തോട്ടിൽ കൃത്യമായ ഇടവേളകളിൽ തടയണകൾ നിർമ്മിക്കണം. കാർഷിക യന്ത്രങ്ങളായ ട്രാക്ടർ, കൊയ്ത്ത് യന്ത്രം, നടീൽ യന്ത്രം തുടങ്ങിയവ ഏലായിൽ ഇറങ്ങുന്നതിന് ആവശ്യമായ റാമ്പുകൾ പണിയണമെന്നും കർഷകർ ആവശ്യപ്പെടുന്നു.