
ഉത്പാദന ചെലവ് വർദ്ധിച്ചു
കൊല്ലം: ലോക്ക് ഡൗണും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കഷ്ടപ്പെടുന്നതിനിടെ ഉത്പാദന ചെലവിലെ വർദ്ധനയും വിലത്തകർച്ചയും കർഷകരെ ദുരിതത്തിലാക്കി. ജില്ലയിലെ ഗ്രാമീണ മേഖലയിൽ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാരാണ് പ്രതിസന്ധിയിൽ അടിതെറ്റിയത്.
നെല്ല്, വാഴ, മരച്ചീനി, പച്ചക്കറികൾ, കിഴങ്ങ് വർഗങ്ങൾ, തെങ്ങ്, ഇഞ്ചി, കരുമുളക്, വെറ്റില തുടങ്ങിയ കൃഷികൾ ചെയ്തിരുന്ന പലരും നഷ്ടക്കണക്കുകൾ പെരുകിയതോടെ കൃഷിയിൽ നിന്ന് പിൻവാങ്ങി. ലോക്ക് ഡൗൺ മുതലാണ് കാർഷികമേഖലയിൽ പ്രതിസന്ധി രൂക്ഷമായത്. നിയന്ത്രണങ്ങളെ തുടർന്ന് കൃഷിയുടെ ടൈംടേബിൾ താളം തെറ്റി. യഥാസമയം വിളവിറക്കാനോ വളമിടാനോ കീട നിയന്ത്രണത്തിനോ പലർക്കും കഴിഞ്ഞില്ല. ഇത് ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചു.
പത്താമുദയത്തിനോട് അനുബന്ധിച്ചുള്ള പാടത്തെ പണികളെല്ലാം ക്രമം തെറ്റിയതോടെ നെല്ല് ഉത്പാദനം കുറഞ്ഞു. വരൾച്ച ശക്തമായതും തൊട്ടുപിന്നാലെയുണ്ടായ കാലവർഷക്കെടുതികളും കര കൃഷികളുടെ നാശത്തിന് കാരണമായി. ഭാരിച്ച ജോലിക്കൂലിയാണ് മറ്റൊരു പ്രതിസന്ധി. ഒരാളെ ജോലിക്ക് വിളിച്ചാൽ ആയിരം രൂപ കൂലി നൽകണം. വിത്തിന്റെയും വളങ്ങളുടെയും വിലയ്ക്കും നിയന്ത്രണമില്ല. മട്ടുപ്പാവ് - ജൈവകൃഷികൾക്ക് ഡിമാന്റേറിയതോടെ ചാണകം, ചാരം തുടങ്ങിയ പരമ്പരാഗത വളങ്ങൾക്കെല്ലാം തൊട്ടാൽപൊള്ളുന്ന വിലയായി.
കരകയറാതെ കുരുമുളക്
കിലോഗ്രാമിന് 740 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ വില കഷ്ടിച്ച് 400 രൂപയാണ്. ആറ് വർഷത്തിനിടയിൽ കുരുമുളക് വില ഇത്രയും കുറയുന്നത് ഇതാദ്യമാണ്. മുളക് വാങ്ങാൻ ചെറുകിട വ്യാപാരികൾ തയാറാവാത്തതും കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. കുറഞ്ഞ വിലയ്ക്ക് വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണ് കാരണം. കർണാടകയിൽ നിന്നുള്ള വലുപ്പം കൂടിയ കുരുമുളകിന് ആഭ്യന്തര വിപണികളിൽ പ്രിയമേറിയതോടെയാണ് കേരളത്തിലെ കുരുമുളകിന്റെ ശനിദശയാരംഭിച്ചത്.
കർഷകർ നേരിടുന്ന പ്രശ്നങ്ങൾ
1. രണ്ട് കിലോ ഇഞ്ചി 100 രൂപയ്ക്കാണ് വിൽക്കുന്നത്
2. രണ്ട് വർഷത്തോളമായി ഇഞ്ചിയുടെയും ചുക്കിന്റെയും വില ഉയർന്നിട്ടില്ല
3. കിഴങ്ങ് വർഗങ്ങളിൽ മാർക്കറ്റേറെയുള്ള ചേമ്പ് രണ്ടരകിലോ നൂറ് രൂപയ്ക്കാണ് വിൽക്കുന്നത്
4. സീസണിന് മുൻപേ ചേമ്പിന്റെ വില താഴ്ന്നതും തിരിച്ചടി
5. കയറ്റുമതി നിലച്ചതോടെ പൈനാപ്പിൾ കർഷകരുടെ ദുരിതം ഇരട്ടിച്ചു
6. കാലവർഷത്തിൽ വാഴക്കൃഷി നശിച്ചു, മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണി നഷ്ടപ്പെട്ടു
7. വിവാഹം പോലുള്ള ആഘോഷങ്ങൾ ലളിതമാക്കിയത് വിപണി തകർച്ചയ്ക്ക് കാരണമായി
''
കൃഷി നഷ്ടത്തിലായതോടെ നിത്യവൃത്തിക്ക് മാർഗമില്ലാതെ സ്വർണവും വസ്തുവിന്റെ ആധാരവും ഈടുവച്ച് വായ്പയെടുക്കുന്നവരുടെ തിരക്കാണ് ബാങ്കുകളിൽ. പ്രതിസന്ധി തുടർന്നാൽ ജീവിതം വഴിമുട്ടും.
കർഷകർ