swathi

രാസപരിശോധനാ ഫലത്തിന് ശേഷം കൂടുതൽ നടപടി

കൊല്ലം: ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി പ്രസവാനന്തരം മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഓച്ചിറ പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി കാട്ടിൽകടവ് ഓർമ്മയിൽ വീട്ടിൽ രാമചന്ദ്രൻപിള്ള -സുശീല ദമ്പതികളുടെ മകൾ സ്വാതിയാണ് (27)​ മരിച്ചത്.

മേയ് 21ന് രാവിലെയാണ് സ്വാതിയെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ ഒരുപെൺകുഞ്ഞിന് ജന്മം നൽകിയ സ്വാതിയെ രക്തസ്രാവമുണ്ടായെന്ന പേരിൽ വൈകിട്ടോടെ തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ മേയ് 27ന് മരിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടിൽ മൂക്കിന്റെ എല്ലിന് പൊട്ടലും മുഖത്ത് സാരമായ പരിക്കുകളും കണ്ടെത്തിയിരുന്നു. തുടർന്നാണ് ആശുപത്രിക്കെതിരെ സ്വാതിയുടെ കുടുംബം പരാതി നൽകിയത്.

പ്രസവത്തിനിടയിലോ അതിന് ശേഷമോ സ്വാതി ബെഡിൽ നിന്ന് വീണിട്ടുണ്ടാകാമെന്നാണ് വീട്ടുകാരുടെ ആരോപണം. എന്നാൽ ഇക്കാര്യം ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രി മാനേജ് മെന്റ് നിഷേധിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ചികിത്സാ രേഖകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

''

രാസപരിശോധനാഫലം ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂ. ഇതിനുശേഷം ഉചിതമായ നടപടി സ്വീകരിക്കും.

ഓച്ചിറ പൊലീസ്

''

സ്വാതിയുടെ കുഞ്ഞിനെ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനെ കാണിക്കാൻ മാതാപിതാക്കൾ ബംഗളൂരുവിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇവർ തിരികെയെത്തിയശേഷം കൂടുതൽ നടപടികളിലേക്ക് കടക്കും.

വി.ആർ. പ്രമോദ്

അഭിഭാഷകൻ