c

കൊല്ലം: തഴവയിൽ പന്ത്രണ്ട് പേ‌ർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ടവരും അല്ലാത്തതുമായ 112 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് 12 പേർക്ക് രോഗം സ്ഥിരീകരിച്ചത്. മണപ്പള്ളി തണ്ണീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പ‌ർക്കമുണ്ടായ 21 പേരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക്കും മറ്റ് 91പേരെ ആന്റിജൻ പരിശോധനയ്ക്കുമാണ് വിധേരാക്കിയത്. തഴവ പഞ്ചായത്തിലെ 3, 10, 12, 16, 19 വാർഡുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ആൾക്കൂട്ടം ഒഴിവാക്കാനും സാമൂഹ്യ അകലവും പ്രോട്ടോക്കോളും പാലിക്കാനും ജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

സമ്പർക്കപ്പട്ടിക ശേഖരിക്കും

ഇന്നലെ പോസിറ്റീവായവരെ വീടുകളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി ചികിത്സയ്ക്ക് വിധേയരാക്കാനും ഇവരുടെ സമ്പർക്കപ്പട്ടിക ശേഖരിക്കാനുമുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളും അയൽക്കാരും കഴിഞ്ഞ ദിവസങ്ങളിൽ ഇവരുമായി അടുത്ത് ഇടപഴകിയവരുമുൾപ്പടെ നിരവധി പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സമ്പർക്കവ്യാപനത്തിന്റെ തോത് വർദ്ധിച്ച സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ജാഗ്രത പുലർത്തണം.

തൊടിയൂരിൽ 2 പേർക്ക്

തൊടിയൂർ: ഇന്നലെ സ്വകാര്യലാബിൽ നടത്തിയ പരിശോധനയിൽ തൊടിയൂർ പഞ്ചായത്തിൽ രണ്ടു പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ 37കാരനും 45 കാരിയായ സ്ത്രീയുമാണ് കൊവിഡ് പോസിറ്റീവായവർ. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ വീട്ടിൽത്തന്നെ ചികിത്സയിൽ കഴിയും. സ്ത്രീയെ ശാസ്താംകോട്ട ഭരണിക്കാവിലെ സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു.