plus-one

 ഇത്തവണ ജില്ലയിൽ 1,987 സീറ്റ് കുറവ്

കൊല്ലം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യരണ്ട് ആലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മിടുമിടുക്കരായ വിദ്യാർത്ഥികൾക്കും സീറ്റ് ലഭിച്ചില്ല. സി.ബി.എസ്.ഇ പത്താം ക്ലാസുകാരാണ് പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുന്നവരിൽ അധികവും.

എസ്.എസ്.എൽ.സിക്കാർക്ക് പ്ലസ് വൺ പ്രവേശനത്തിന് രണ്ട് പോയിന്റ് അധികമുണ്ട്. ഇതിന് പുറമേ എൻ.എസ്.എസ്, എൻ.സി.സി, കലോത്സവം, ശാസ്ത്രമേള എന്നിവയുമായി ബന്ധപ്പെട്ടും പ്രത്യേക പോയിന്റ് എസ്.എസ്.എൽ.സിക്കാർക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ സംസ്ഥാന സിലബസുകാർ റാങ്ക് പട്ടികയിൽ മുന്നിലെത്തുന്നതാണ് സി.ബി.എസ്.ഇക്കാർക്ക് വിനയാകുന്നത്. 90 ശതമാനത്തിന് മുകളിൽ മാർക്കുള്ള സി.ബി.എസ്.ഇ വിദ്യാർത്ഥികൾ പോലും പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്.

 അധിക സീറ്റ് അനുവദിച്ചില്ല

എല്ലാവർഷവും പ്ലസ് വണിന് 20 ശതമാനം സീറ്റ് കൂടി സർക്കാർ അധികമായി അനുവദിക്കാറുണ്ട്. ഈ വർഷം വടക്കൻ ജില്ലകളിൽ 20 ശതമാനം സീറ്റ് അധികമായി നൽകിയപ്പോൾ കൊല്ലം അടക്കമുള്ള തെക്കൻ ജില്ലകളിൽ പത്ത് ശതമാനം അഡീഷണൽ സീറ്റേ നൽകിയുള്ളു. ഇത്തവണ ഓൺലൈൻ ക്ലാസായതിനാലാണ് അധിക സീറ്റിൽ കുറവ് വരുത്തിയതെന്നാണ് വിശദീകരണം. വടക്കൻ ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണവും എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥികളുടെ എണ്ണവും കൂടുതലായതിനാലാണ് 20 ശതമാനം സീറ്റ് എല്ലാവർഷത്തെയും പോലെ അധികമായി നൽകിയത്. ശക്തമായ സമ്മർദ്ദം ഉണ്ടായെങ്കിലേ കൊല്ലം അടക്കമുള്ള ജില്ലകളിൽ അധിക സീറ്റ് ലഭിക്കൂ. കഴിഞ്ഞ വർഷത്തേക്കാൾ 1,987 സീറ്റാണ് ഇത്തവണ ജില്ലയിൽ കുറവുള്ളത്.

 പതിനായിരം വിദ്യാർത്ഥികൾ പുറത്ത്

1. ജില്ലയിൽ 34,925 വിദ്യാർത്ഥികളാണ് പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുള്ളത്

2. ഇതിൽ 19,804 വിദ്യാർത്ഥികൾക്ക് മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്

3. 15,121പേർ ഇപ്പോഴും പുറത്ത് നിൽക്കുന്നു

4. 17,182 പേർക്കാണ് ആദ്യം ആലോട്ട്മെന്റ് നൽകിയത്

5. 4,488 പേർക്ക് മാത്രമാണ് രണ്ടാം അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചത്, ഇവർക്ക് ഇന്നുകൂടി പ്രവേശനം നേടാം

6. ഇതിന് ശേഷം ഒഴിവുള്ള സീറ്റുകൾ രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ നികത്തും

7. പത്ത് മുതൽ 14 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കേണ്ടത്

8. ജില്ലയിൽ 4,305 സീറ്റുകൾ കമ്മ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടയിലുണ്ട്

9. ഇതിലും പ്രവേശനം ലഭിക്കാതെ 10,816 വിദ്യാർത്ഥികൾ പുറത്ത്

10. ബാക്കിയുള്ള ഒരു വിഭാഗം വി.എച്ച്.എസ്.ഇ, ഓപ്പൺ സ്കൂൾ, ഐ.ടി.ഐ പോലുള്ള കോഴ്സുകൾക്ക് പോയേക്കാം

 ആകെ അപേക്ഷകർ: 34,925

 ആകെ സീറ്റ്: 19,872

 ഇതുവരെ അലോട്ട്മെന്റ് ലഭിച്ചത്: 19,804

 മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ: 4,305

 പുറത്ത് നിൽക്കുന്നത്: 10,816

''

ഇയർന്ന മാർക്കുള്ള സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ആദ്യ രണ്ട് അലോട്ട്മെന്റിൽ സീറ്റ് ലഭിക്കേണ്ടതാണ്. കൂടുതൽ തള്ളുള്ള സ്കൂളുകളിൽ പ്രവേശനത്തിന് ശ്രമിക്കുന്നതുകൊണ്ടാകും സീറ്റ് ലഭിക്കാത്തത്.

പോൾ ആന്റണി

ഹയർ സെക്കൻഡറി ജില്ല കോ- ഓർഡിനേറ്റർ