covid

അഞ്ചൽ:കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊല്ലം റൂറലിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ഇത് സംബന്ധിച്ച് കർശന നിർദ്ദേശങ്ങളാണ് റൂറൽ പൊലീസ് മേധാവി എസ്. ഹരിശങ്കറിന്റെ പരിധിയിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നൽകിയിരിക്കുന്നത്. കൊവിഡ് വ്യാപനം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നുവെങ്കിലും റൂറൽ പരിധിയിൽ പൊലീസിന്റെ ശക്തമായ ഇടപെടലിൽ ഒരു പരിധിവരെ കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. തമിഴ് നാടുമായി അതിർത്തി പങ്കിടുന്ന ആര്യങ്കാവ് പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ സ്ഥിതി ഗുരുതരമായിരുന്നു. എന്നാൽ റൂറൽ എസ്.പി തുടർച്ചയായി ഈ മേഖല സന്ദർശിക്കുകയും കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയും കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഓണക്കാലത്ത് കൊവിഡ് കൂടി

ഓണക്കാലത്താണ് കൊവിഡ് ബാധിതരുടെ എണ്ണം കൂടി. കൊവിഡ് നിയന്ത്രണങ്ങൾ എല്ലാ കാറ്റിൽ പറത്തിയാണ് ആളുകൾ ഓണം ആഘോഷിച്ചത്. എന്നാൽ ഇപ്പോൾ ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. അഞ്ചൽ പൊലീസ് അതിർത്തിയിൽ മാത്രം ഞായറാഴ്ചയും ഇന്നലെയും മുപ്പതിൽ അധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മറ്റ് പൊലീസ് സ്റ്റേഷൻ അതിർത്തികളിലെ സ്ഥിതിയും ശുഭകരമല്ല. ഇതേ തുടർന്നാണ് സർക്കാരിന്റെ നിർദ്ദേശാനുസരണം കടുത്ത നടപടികളുമായി റൂറൽ പൊലീസ് മേധാവി രംഗത്തെത്തിയിട്ടുള്ളത്.

പൊതു സ്ഥലങ്ങളിൽ അനാവശ്യമായി ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. മാനദണ്ഡങ്ങൾ പാലിച്ചുവേണം മരണം ,​കല്യാണം തുടങ്ങിയ ചടങ്ങുകളിൽ ആളുകൾ പങ്കെടുക്കാൻ. ബാങ്കുകൾ,​ മാർക്കറ്റുകൾ, പരീക്ഷാ ഹാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളെ നിയന്ത്രിക്കേണ്ടതും വരുന്നവർക്ക് സാമൂഹ്യ അകലം പാലിച്ച് ഇരിക്കുന്നതിനുള്ള അവസരം ഒരുക്കേണ്ടതും അതാത് സ്ഥലങ്ങളിലെ മേലധികാരികളാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഏത് പരിപാടി സംഘടിപ്പിക്കണമെങ്കിലും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ മുൻകൂർ അനുമതി വാങ്ങണം.എസ്.പി. ഹരിശങ്കർ