
കൊല്ലം: നഗരസഭയുടെ വിവാദ ഭൂമിയെ ചൊല്ലിയുള്ള തർക്കം കൗൺസിൽ യോഗത്തിൽ മേയറും പ്രതിപക്ഷ കൗൺസിലർമാരും തമ്മിലുള്ള ബഹളത്തിൽ കലാശിച്ചു. മേയറുടെ മറുപടിയിൽ തൃപ്തി വരാഞ്ഞ് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ആർ.എസ്.പി കൗൺസിലർ എം.എസ്. ഗോപകുമാറാണ് ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. ഇവിടത്തെ നഗരസഭയുടെ ഏഴ് സെന്റ് ഭൂമി സ്വകാര്യ വ്യക്തി കൈയേറി സ്ഥാപിച്ച മതിൽ പൊളിച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മിനിട്സ് തിരുത്ത് പുറത്ത് വന്നപ്പോഴാണ് കൈയേറ്റം പുറത്തായത്. ഭൂമി റെയിൽവേയ്ക്ക് കൈമാറി ഈസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം ബസ് ടെർമ്മിനൽ എന്ന പദ്ധതി നടപ്പാക്കാൻ നഗരസഭ തയ്യാറാകണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു.
ചർച്ചകൾക്കൊടുവിൽ മേയറുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഭൂമി തിരിച്ചുപിടിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്ന് മേയർ പറഞ്ഞു. മാനസിക രോഗികളാണ് പ്രതിപക്ഷത്തെക്കൊണ്ട് ഭൂമി വിവാദം ഉന്നയിപ്പിക്കുന്നതെന്നും പബ്ലിസിറ്റി ആഗ്രഹിച്ചാണ് കൗൺസിൽ യോഗത്തിൽ വിഷയം ഉയർത്തുന്നതെന്നും പറഞ്ഞതോടെ എം.എസ്. ഗോപകുമാർ ചാടിയേഴുന്നേറ്റു. പിന്തുണയുമായി കരുമാലിൽ ഉദയസുകുമാരനും രംഗത്തെത്തി. ഇതോടെ മേയർ മുൻ മുനിസിപ്പൽ ചെയർമാൻ കരുമാലിൽ സുകുമാരനെതിരെ ആരോപണം ഉന്നയിച്ചു. ഇതോടെ പ്രതിപക്ഷാംഗങ്ങൾ കൂടുതൽ ക്ഷുഭിതരായി ഇറങ്ങിപ്പോവുകയായിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് യോഗം ചേർന്നത്. കൂടുതൽ അംഗങ്ങളും വീട്ടിലിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. വളരെ കുറച്ച് അംഗങ്ങൾ മാത്രമാണ് കൗൺസിൽ ഹാളിലെത്തിയത്. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, ചിന്ത എൽ. സജിത്ത്, ഷീബ ആന്റണി, ഗിരിജാ സുന്ദരൻ, കൗൺസിലർമാരായ മീനാകുമാരി, എസ്. ജയൻ, സന്ധ്യ ബൈജു, ലൈലാകുമാരി, തൂവനാട്ട് സുരേഷ്‌കുമാർ, നിസാർ, പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.