
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത സീറ്റ് ഉറപ്പിക്കാനായുള്ള പരക്കം പാച്ചിലാണ്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കോർപ്പറേഷനിലുമെല്ലാം ഈ കളി കാണാം. കുട്ടിനേതാക്കൾക്ക് വലിയ നേതാക്കളോട് പ്രത്യേക സ്‌നേഹവും ബഹുമാനവുമൊക്കെ തോന്നുന്ന സമയമാണിത്.
ജില്ലയുടെ വടക്കുള്ള ഒരു പഞ്ചായത്തിൽ ഭാര്യക്കൊരു സീറ്റൊപ്പിക്കാൻ കോൺഗ്രസ് നേതാവിന് പുതിയ മൊബൈൽ ഫോണാണ് ചെറിയ നേതാവ് സമ്മാനിച്ചത്. ഇതറിഞ്ഞ മറുകക്ഷി വാർഡ് മണ്ഡലം ഡി.സി.സിയെ മറികടന്ന് സംസ്ഥാനത്തെ ഒരു വലിയ നേതാവിനെ കൊണ്ട് സീറ്റ് കൊടുക്കരുതെന്ന് വിളിച്ചു പറയിപ്പിക്കുകയും ചെയ്തത്രേ. മറുകക്ഷിയെ മത്സരിപ്പിച്ചാൽ ആ ഒറ്റക്കാരണം കൊണ്ട് ആ പഞ്ചായത്ത് കിട്ടാതെ പോകുമെന്നാണ് മൊബൈൽ ഫോൺ കിട്ടിയ നേതാവിന്റെ വാദം. തീരദേശത്തുള്ള മറ്റൊരു പഞ്ചായത്തിൽ സി.പി എമ്മിന് മത്സരിപ്പിക്കാൻ ഒരു വനിതാ സ്ഥാനാർത്ഥിയെ തപ്പുകയായിരുന്നു നേതാക്കൾ. ഒടുവിൽ ഒരു കുട്ടി സഖാവിന്റെ ഭാര്യയെ സ്ഥാനാർത്ഥിയാക്കാമെന്ന് ധാരണയായി. ഭാര്യ വിജയിച്ചാൽ കുട്ടിസഖാവിന് പിൻസീറ്റ് ഡ്രൈവിംഗ് നടത്താനുള്ള ഐഡിയയാണെന്നാണ് നാട്ടിലെ സംസാരം. കൊല്ലം കോർപ്പറേഷനിൽ ജയസാദ്ധ്യത കൂടുതലുള്ളയാളെ തേടുകയാണ് ഓരോ മുന്നണിയും. നിലവിലുള്ള പല പ്രാദേശിക പ്രമുഖരെയും മാറ്റാൻ നേതൃത്വങ്ങൾ വൈമനസ്യം കാട്ടുന്നത് യുവരക്തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്റെയും ഡി.വൈ.എഫ്.ഐയുടെയും മുറുമുറുപ്പ്. കഴിഞ്ഞ തവണ തോറ്റു തൊപ്പിയിട്ടവരെപ്പോലും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. സി.പി.എമ്മിൽ നിലവിലുള്ളവരിൽ ഭൂരിഭാഗത്തിനെയും മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് സൂചന. ഇതിനെയാണ് യുവാക്കൾ രഹസ്യമായി ചോദ്യം ചെയ്യുന്നത്.