 
കടയ്ക്കൽ : അറബി ഭാഷ പഠിച്ച് മികച്ച വിജയം നേടി നാടിന് അഭിമാനമായിരിക്കുകയാണ് കടയ്ക്കൽ സ്വാമിമുക്ക് ലക്ഷ്മി വിലാസത്തിൽ കെ. എസ്. ഇ. ബി ജീവനക്കാരനായ വേണുവിന്റെയും ഷീനയുടെയും മകൾ വി.എസ്. ലക്ഷ്മി. എം. എസ്. എം അറബിക് കോളേജിൽ പഠിച്ച് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും അറബി ഭാഷാ സാഹിത്യത്തിൽ (ആന്വൽ സ്കീം) ഡിസ്റ്റിംഗ്ഷനോടെയാണ് ലക്ഷ്മി വിജയിച്ചിരിക്കുന്നത്. പ്രൈവറ്റ് വിദ്യാർഥികളിൽ യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം സ്ഥാനവും ലക്ഷ്മിയ്ക്കുണ്ട്. ഒന്നാം വർഷ ബിരുദ ക്ലാസ് മുതലാണ്ലക്ഷ്മി അറബി അക്ഷരമാല പഠിച്ച് തുടങ്ങിയത്. കോഴ്സിന്റെ പാർട്ട് 2 (അറബിക്) പാർട്ട് 3 (അറബിക് മെയിൻ), സബ്സിഡിയറി പേപ്പറുകളായ ഇസ്ലാമിക് ഹിസ്റ്ററി, കൊമേഴ്സിയൽ അറബിക് എന്നിവയെല്ലാം (11 പേപ്പർ) അറബിയിൽ തന്നെ പഠിച്ചു പരീക്ഷ എഴുതിയാണ് മികച്ച വിജയം കൈവരിച്ചത്.
അറബി അദ്ധ്യാപികയാകണം
ബാല്യം തൊട്ടേ അറബി പഠിച്ച് ഹയർസെക്കൻഡറി തലം വരെയും അറബി ഉപഭാഷയായി പഠിച്ചു വന്ന അനേകം ഇതര വിദ്യാർഥികളെയെല്ലാം പുറന്തള്ളിയാണ് ലക്ഷ്മി സ്ഥാപനത്തിൽ തന്നെ ഒന്നാം സ്ഥാനത്ത് എത്തിയത്. ഡയലോഗ് സെന്റർ കേരള സംസ്ഥാന തലത്തിൽ നടത്തിയ മനുഷ്യാവകാശം ഇസ്ലാമിൽ, കുടുംബ ജീവിതം ഇസ്ലാമിൽ തുടങ്ങിയ പ്രശ്നോത്തരികളിലും ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. എം. എസ്. എം അറബിക് കോളേജിന്റെ കാൽ നൂറ്റാണ്ട് കാലത്തെ വിജയികളുടെ പട്ടികയിൽ ലക്ഷ്മിക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. ഭാവിയിൽ അറബി അദ്ധ്യാപികയാകണമെന്നാണ് ലക്ഷ്മിയുടെ ആഗ്രഹം. ഇപ്പോൾ ബി. എഡ് പരിശീലനത്തിനുള്ള തയ്യാറെടുപ്പിലാണ്.