 
സിഗ്നൽ ലൈറ്റ് ഇല്ല
ഹൈമാസ്റ്റ് ലൈറ്റ് സ്ഥിരമായി പണിമുടക്കും
ശൗചാലയം ഇല്ല
കൊല്ലം: വാഹനത്തിരക്ക് കൂടുതലുള്ളയിടമാണ് കൊട്ടാരക്കര ചന്തമുക്ക്. എന്നാൽ ചന്തമുക്കിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ എല്ലാം പരിതാപകരമാണ്. ആകെയുണ്ടായിരുന്ന ട്രാഫിക് ഐലൻഡും തകർന്നുവീണു. കഴിഞ്ഞ ദിവസമാണ് ട്രാഫിക് ഐലൻഡ് തകർന്ന് നിലംപൊത്തിയത്. തട്ടിക്കൂട്ട് സംവിധാനത്തിലുള്ള ട്രാഫിക് ഐലൻഡായിരുന്നു ചന്തമുക്കിൽ ഉണ്ടായിരുന്നത്. എപ്പോഴും ഇതിനോട് ചേർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. എന്നാൽ ഭാഗ്യവശാൽ ആ സമയത്ത് ഉണ്ടായിരുന്നില്ല. ചന്തമുക്കിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല.
കൊല്ലം - തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനാണ് കൊട്ടാരക്കര ചന്തമുക്ക്. പുത്തൂർ-കൊട്ടാരക്കര റോഡും കൊട്ടാരക്കര- ഓയൂർ റോഡുമാണ് ചന്തമുക്കിൽ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്ക് പോകാനുളള വാഹനങ്ങൾ തിരിയുമ്പോൾ കുരുക്കുകൂടും. പുലമൺ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സംവിധാനം ഏർപ്പെടുത്തിയപ്പോൾത്തന്നെ ഇവിടെയും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയായില്ല. എപ്പോഴും തിരക്കേറിയ റോഡിൽ ഒന്നോ രണ്ടോ പൊലീസുകാർ നിന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവർക്ക് കയറി നിൽക്കാൻ വേണ്ടിയാണ് ട്രാഫിക് ഐലൻഡ് സ്ഥാപിച്ചിരുന്നതെങ്കിലും സുരക്ഷിതമല്ലെന്ന കാരണത്താൽ പൊലീസുകാർ ഇതിൽ കയറാറില്ല.
വികസനമില്ലാതെ ചന്തമുക്ക്
ചന്തമുക്കിന്റെ ഒരു വശത്ത് ഓട്ടോ സ്റ്റാന്റാണ്. മറുവശത്ത് ടാറിംഗ് കഴിഞ്ഞ് വീതിയില്ലാത്ത ഇടങ്ങളുമാണ്. പൊലീസ് ഉദ്യോഗസ്ഥർ കൈകൊണ്ട് സിഗ്നൽ കാണിച്ച് വാഹനങ്ങൾ തടഞ്ഞും കടത്തിവിട്ടും ഗതാഗത നിയന്ത്രണം നടത്തുന്നരീതിയാണിവിടെ. മഴക്കാലമായാൽ പൊലീസുകാരും ബുദ്ധിമുട്ടിലാകും. കയറി നിൽക്കാൻ പോലും സംവിധാനങ്ങളില്ല. ചന്തമുക്കിൽ ചെറിയ മഴ പെയ്താൽ വെള്ളക്കെട്ടാകുന്ന പതിവുമുണ്ട്.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് ഇടയ്ക്കിടയ്ക്ക് പണിമുടക്കും. നേരത്തെ ഷോപ്പിംഗ് കോംപ്ളക്സിന് പിന്നിലായി പൊതു ശൗചാലയം ഉണ്ടായിരുന്നത് പൊളിച്ച് നീക്കിയിട്ട് പകരം സംവിധാനം ഉണ്ടാക്കിയിട്ടില്ല. തിരക്കേറിയ ചന്തയിൽ യാതൊരുവിധ വികസന പ്രവർത്തനവും അടുത്തകാലത്തെങ്ങും നടത്തിയിട്ടില്ല. ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ച് നീക്കിയ ഭാഗത്ത് ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മാത്രമാണ് ആകെയുള്ള ആശ്വാസം. എന്നാൽ പാർക്കിംഗ് സ്ഥലത്തിന് അനുയോജ്യമായ ഇവിടെ നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാനാണ് ഭരണസമിതിയുടെ ആലോചന. അതോടെ ചന്തമുക്കിൽ തിരക്ക് കൂടുകയും ആകെ ദുരിതമാവുകയും ചെയ്യും. എല്ലാത്തരത്തിലും അവഗണിക്കപ്പെടുന്ന പ്രദേശമായി കൊട്ടാരക്കര ചന്തമുക്ക് മാറുകയാണ്.
സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം കൊട്ടാരക്കര ചന്തമുക്കിൽ ഗതാഗത നിയന്ത്രണത്തിന് സിഗ്നൽ ലൈറ്റ് സംവിധാനം ഏർപ്പെടുത്തണം. മഴയത്തും വെയിലത്തും പൊലീസ് ഉദ്യോഗസ്ഥരെ റോഡിന് നടുവിൽ നിർത്തി ഗതാഗതം നിയന്ത്രിക്കുന്നത് പുതിയ കാലത്തിന് ചേർന്നതല്ല. ചന്തമുക്കിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും അധികൃതർ അടിയന്തര പരിഹാരം കാണണം. (അൽ അമീൻ, പൊതുപ്രവർത്തകൻ)