covid

കൊല്ലം: നഗരത്തിൽ മൂന്ന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ കൂടി ആരംഭിക്കാൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവിലുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളെല്ലാം സർക്കാർ സെക്കൻഡ് ലൈനാക്കിയ സാഹചര്യത്തിലാണ് നഗരസഭയുടെ തീരുമാനം. ആരോഗ്യവകുപ്പിന്റെ സഹകരണം ആവശ്യമായതിനാൽ ജില്ലാ ഭരണകൂടവുമായി ആലോചിച്ചാകും അന്തിമ തീരുമാനം.

ചിന്നക്കട ഷൈൻ കോംപ്ലക്സ്, ഫാത്തിമാ കോളേജ്, യൂനുസ് കോളേജ് എന്നിവിടങ്ങളാണ് ചികിത്സാ കേന്ദ്രങ്ങളാക്കാൻ ഉദ്ദേശിക്കുന്നത്. മൂന്നിടത്തും 250 കിടക്കകൾ വീതം സജ്ജീകരിക്കും. നേരത്തെ ക്വാറന്റൈൻ കേന്ദ്രങ്ങളായി പ്രവർത്തിച്ച ഹോട്ടലുകൾക്ക് നൽകിയ കിടക്കകളും മറ്റ് സൗകര്യങ്ങളും നഗരസഭയുടെ കൈവശമുണ്ട്. അതുകൊണ്ട് കാര്യമായ സാമ്പത്തിക ചെലവ് ഉണ്ടാകില്ല. നഗരത്തിന് പുറത്തുള്ളവരെയും കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും.

നഗരത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സബ് കളക്ടർ, കമ്മിഷണർ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. സർവകക്ഷി യോഗം ചേരാനും ധാരണയായിട്ടുണ്ട്.

 വീടുകളിൽ സൗകര്യമില്ല

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഇല്ലാതായതോടെ രോഗലക്ഷണമില്ലാത്തവർ വീടുകളിൽ ചികിത്സയിൽ കഴിയേണ്ട അവസ്ഥയാണ്. നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച വലിയൊരു വിഭാഗത്തിന് ഇതിനുള്ള സൗകര്യമില്ല. തീരദേശത്തും ചേരികളിലുമാണ് കൂടുതൽ ബുദ്ധിമുട്ട്.

 ഇന്നലെ 169 പേർക്ക് കൊവിഡ്

നഗരത്തിൽ ഇന്നലെ 169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാവനാട്, തെക്കേവിള, നീരാവിൽ, പള്ളിത്തോട്ടം, മുളങ്കാടകം, വാടി എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

 കൊവിഡ് കണക്ക് (ഇന്നലെ ഉച്ചവരെ)

ആകെ രോഗം ബാധിച്ചത്: 3444

നിലവിൽ ചികിത്സയിലുള്ളത്: 1966

രോഗമുക്തർ: 1455

മരണം: 19