x
ആർ. രാമചന്ദ്രൻ എം.എൽ.എ മൂത്തേത്ത് കടവ് കേന്ദ്രീകരിച്ച് നടക്കുന്ന കുഴൽക്കിണർ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിൽ വരുന്ന കോഴിക്കോട് ദീർഘനാളായി നിലനിൽക്കുന്ന കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി മൂത്തേത്ത് കടവ് കേന്ദ്രീകരിച്ച് കുഴൽക്കിണർ നിർമ്മാണം ആരംഭിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 12.50 ലക്ഷം രൂപ ചെലവഴിച്ചാണ് കുഴൽക്കിണർ നിർമ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആർ. രാമചന്ദ്രൻ എം.എൽ.എ ഇന്നലെ കുഴൽക്കിണർ നിർമ്മാണ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഒരു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. മൂത്തേത്ത് കടവിലെ പഴയ കുഴൽക്കിണറിൽ നിന്നാണ് നിലവിൽ വെള്ളം പമ്പ് ചെയ്യുന്നത്. വർഷങ്ങളുടെ പഴക്കമുള്ളതിനാൽ പമ്പ് മിക്കപ്പോഴും തകരാറിലാവാറുണ്ട്. പുതിയ കുഴൽക്കിണർ പ്രവർത്തന സജ്ജമാകുന്നതോടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.