aditya-baiju

 ജെ.ഇ.ഇ എൻട്രൻസിൽ കേരളത്തിൽ മൂന്നാമൻ

കൊല്ലം: ജോയിന്റ് എൻട്രൻസ് എക്‌സാം (ജെ.ഇ.ഇ) അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ മൂന്നാം റാങ്ക് നേടി കൊല്ലത്തിന്റെ മികവിനെ അടയാളപ്പെടുത്തുകയാണ് ആദിത്യ ബൈജു. അഖിലേന്ത്യാ തലത്തിൽ 592-ാം റാങ്കാണ് കൊല്ലം ഡീസന്റ് ജംഗ്ഷൻ വെറ്റിലത്താഴം മേലേമഠത്തിൽ ആദിത്യ കരസ്ഥമാക്കിയത്. നേരത്തെ എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ നാലാം റാങ്കും ഫാർമസി മൂന്നാം റാങ്കും ആദിത്യ സ്വന്തമാക്കിയിരുന്നു. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ജില്ലയിലെ ടോപ്പറായിരുന്നു. കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പ്ലസ് ടു പഠിച്ചത്. നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ (എൻ.ടി.എസ്.ഇ) സ്കോളർ കൂടിയാണ് ആദിത്യ. ഐ.ഐ.ടി ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 101-ാം റാങ്ക് നേടിയിരുന്നു. കേരളത്തിൽ രണ്ടാം സ്ഥാനമായിരുന്നു. കെ.എസ്.ഇ.ബി അസി.എക്സി. എൻജിനിയറായ ആർ. ബൈജുവിന്റെയും കൊല്ലം അമർദീപ് ഐ കെയർ ആശുപത്രിയിലെ ഡോ. നിഷ.എസ്. പിള്ളയുടെയും മകനാണ്. സഹോദരൻ അഭിനവ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.