
ജെ.ഇ.ഇ എൻട്രൻസിൽ കേരളത്തിൽ രണ്ടാമൻ
കൊല്ലം: അലൻബാബു വൈകാതെ മുംബയിലേക്ക് പറക്കും. ഐ.ഐ.ടിയിൽ സ്വപ്നം പോലെ ബി.ടെക് കമ്പ്യൂട്ടർ സയൻസിന് ചേരും. എന്നിട്ട് അച്ഛന്റെ സ്വപ്നം പോലെ ശാസ്ത്രജ്ഞനാകും. ഇന്നലെ പുറത്തുവന്ന ജെ.ഇ.ഇ എൻട്രൻസ് ഫലത്തിൽ ദേശീയതലത്തിൽ 237-ാം റാങ്കുകാരനും കേരളത്തിൽ രണ്ടാമനുമാണ് അലൻബാബു.
ഇപ്പോൾ മുംബയ് ഐ.ഐ.ടിയിൽ ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സിന് പ്രവേശനം നേടിയിട്ടുണ്ട്. ഇത് ഉപേക്ഷിച്ചാണ് അവിടെ തന്നെ ബി.ടെക്കിന് ചേരുന്നത്. ഐ.എസ്.ആർ.ഒയുടെ വലിയമല കാമ്പസ്, ഐസർ, മുംബയ് ഐ.ഐ.എസ്.ടി അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബി.ടെക് പ്രവേശനത്തിന് ഓഫർ ലെറ്റർ വന്നിരുന്നു. പക്ഷെ അലൻ ജെ.ഇ.ഇ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. കേരള എൻട്രൻസ് പരീക്ഷയിൽ 270ാം റാങ്കായിരുന്നു.
കോട്ടയം മന്നാനം എച്ച്.എസ്.എസിൽ നിന്ന് 90 ശതമാനം മാർക്കോടെയാണ് പ്ലസ് ടു വിജയിച്ചത്. പേരൂർ സുബിരിയ മൻസിലിൽ നെടുമ്പന പഞ്ചായത്തിലെ യു.ഡി ക്ലാർക്ക് ബാബു ഷെറീഫിന്റെ മകനാണ്. അമ്മ സജീന അഷ്ടമുടി എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി അദ്ധ്യാപികയാണ്. സഹോദരൻ അമൻ ബാബു ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.