
 പുതുമയുടെ ദൃശ്യഭംഗിയുമായി വെബ് സീരീസ്
പുത്തൂർ: ഗ്രാമീണ ദൃശ്യഭംഗികൊണ്ടും പുതുമകൊണ്ടും 'ഗ്യാംഗ്സ് ഒഫ് കല്ലേലി' എന്ന പേരിൽ പുറത്തിറങ്ങിയ വെബ് സീരീസ് യുട്യൂബിൽ തരംഗമാകുന്നു. കല്ലേലി എന്ന സാങ്കൽപ്പിക ഗ്രാമപഞ്ചായത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്ന സമ്മിശ്ര പ്രായക്കാരായ ഒരു കൂട്ടം തൊഴിലാളികളുടെ തൊഴിലിടങ്ങളിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ റിലീസ് ചെയ്ത വെബ് സീരീസിലെ വ്യത്യസ്തതയും കഥാപാത്രങ്ങളുടെ സ്വാഭാവിക അഭിനയവുമാണ് മറ്റുള്ളവയിൽ നിന്ന് പരമ്പരയെ വേറിട്ടുനിറുത്തുന്നത്. അണിയറയിലും അഭിനയരംഗത്തും പ്രവർത്തിച്ചിരിക്കുന്നവർ പുത്തൂരിലെ പവിത്രേശ്വരം പഞ്ചായത്ത് നിവാസികകളാണ്. അഭിനയതാക്കളിൽ ഭൂരിഭാഗവും ആദ്യമായാണ് കാമറയെ അഭിമുഖീകരിക്കുന്നത്.
 പുരസ്കാര ജേതാവിന്റെ കൈയൊപ്പ്
ടെൻ ബി സ്റ്റ്യുഡിയോസ് ആൻഡ് പി.എൽ.ബി ആഡ് ഹൗസിന്റെ ബാനറിൽ റെജി രാജാണ് നിർമ്മാണം. മികച്ച പ്രാദേശിക ഭാഷാചലച്ചിത്രത്തിനും നവാഗത സംവിധായകന്റേതുൾപ്പെടെ രണ്ട് ദേശീയ പുരസ്‌കാരങ്ങളും 35ഓളം അന്തർദേശീയ പുരസ്‌കാരങ്ങളും നേടിയ "സിൻജാർ"ന്റെ സഹസംവിധായകൻ പ്രഭുലാൽ ബാലനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആർ.ജെ. അരുൺ കിഷോറാണ് ഛായഗ്രഹണം. ചിത്രസംയോജനം മോജി.ടി.വർഗീസും സംഗീതം മിഹ്രാജ് ഖാലിദും ശബ്ദലേഖനം ബി. രാമഭദ്രനുമാണ് ഒരുക്കിയത്. ദിലീപ് ബാബു കലാസംവിധായകനായെത്തുന്ന പരമ്പരയുടെ അസോസിയേറ്റ് ഡയറക്ടർ അശ്വിൻ സാമുവലും അസോ. കാമറ ആർ. മോനച്ചനുമാണ്. ഫെബി ജോർജ് സ്റ്റോൺഫീൽഡും സേതു വൈഗയുമാണ് സഹസംവിധായകർ. ടൈറ്റിൽ ഡിസൈൻ ചെന്നൈ മലോട്ടോ മീഡിയയും പരസ്യകല തിൻക് മീഡിയയും മഹേഷ് തേനാദിയും ചേർന്നാണ്. കേസരി അഖിൽ, അഭിലാഷ് കൊട്ടാരക്കര, സജീബ്, കുമാരൻ, ശ്രീലക്ഷ്മി, ജലജസുജിത്ത്, സൂസമ്മ രമാകലേശൻ, ബിന്ദുജ സുജിത്ത്, ആർ. രശ്മി, അനുരാജ് മാറനാട്, മാസ്റ്റർ കണ്ണൻ, വിഷ്ണു മുരളി, ബി.പ്രതീഷ്, പ്രസാദ്, വീരു എന്നിവരാണ് അഭിനേതാക്കൾ.
''
ലോക്ക്‌ഡൗൺ വിരസതയിൽ നിന്ന് മാറ്റമുണ്ടാകണമെന്ന ചിന്തയിൽ നിന്നാണ് വേറിട്ട വെബ്സീരീസെന്ന ആശയം മുളപൊട്ടിയത്. സുഹൃത്തുക്കളുടെ പിന്തുണയുമാണ് പരമ്പര യഥാർത്ഥ്യമാകാൻ കാരണം.
പ്രഭുലാൽ ബാലൻ
സംവിധായകൻ, രചയിതാവ്
''
പരമ്പരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ആദ്യ എപ്പിസോഡിലെ വിജയവും സ്വീകാര്യതയും തുടർന്നുള്ള എപ്പിസോഡുകളിൽ നിലനിറുത്തുകയെന്നത് വെല്ലുവിളിയാണ്.
അണിയറ പ്രവർത്തകർ