jankar

കൊല്ലം: പണി തുടങ്ങിയ പാലങ്ങളും റോഡുകളും പാതിവഴിയിൽ മുടങ്ങിയ ചരിത്രം നിരവധിയാണ്. മൺറോത്തുരുത്തിൽ തന്നെയുണ്ട് ഉദാഹരണം. അതുകൊണ്ട് പാലത്തിന്റെ പേര് പറഞ്ഞ് നിലവിലെ യാത്രാമാർഗമായ ജങ്കാർ സർവീസ് മുടക്കരുതെന്നാണ് മൺറോത്തുരുത്തുകാർക്ക് പറയാനുള്ളത്.

പേഴുംതുരുത്തിലെ ജങ്കാർ കടവിൽ അവസാനിക്കുന്ന തരത്തിലാണ് പെരുമൺ - പേഴുംതുരുത്ത് പാലം വരുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരുമണിലെ കടവും പൊളിച്ചുമാറ്റേണ്ടി വരും. അതിന് മുമ്പ് ജങ്കാർ സർവീസിനായി പകരം സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ആശ്രയമാണ് ജങ്കാർ

മൺറോത്തുരുത്തുകാരുടെ വർഷങ്ങളായുള്ള ആശ്രയമാണ് പെരുമണിൽ നിന്നുള്ള ജങ്കാർ സർവീസ്. ഇത് നിലച്ചാൽ തുരുത്തിൽ നിന്നുള്ള വാഹനയാത്രക്കാരുടെ കാര്യം പ്രതിസന്ധിയിലാകും. പടിഞ്ഞാറേ കല്ലട വഴിയെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളും ജങ്കാറിലാണ് കൊല്ലത്തേക്ക് എത്തുന്നതും തിരിച്ച് പോകുന്നതും. ദിവസേന 250ഓളം ഇരുചക്ര വാഹനങ്ങളും നൂറിലേറെ കാറുകളും ജങ്കാറിൽ അക്കരയിക്കരെ പോകുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

 ഇടപെടലുണ്ടാകണം അടിയന്തരമായി

പെരുമൺ ഭാഗത്തെ ജങ്കാർ കടവിന് പടിഞ്ഞാറ് വശത്തേ പുതിയ കടവ് നിർമ്മിക്കാൻ സ്ഥലമുള്ളു. പക്ഷേ ഈ പ്രദേശമെല്ലാം സ്വകാര്യ ഭൂമികളാണ്. ഇപ്പോൾ തന്നെ ജനപ്രതിനിധികൾ ഇടപെടൽ നടത്തിയില്ലെങ്കിൽ പാലം നിർമ്മാണവും നീളും.

 പാലം നിർമ്മാണം; കരാർ ഒരാഴ്ച്ചയ്ക്കകം

പെരുമൺ പാലം നിർമ്മാണത്തിന്റെ കരാർ ഒരാഴ്ചയ്ക്കകം ഒപ്പിടും. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിക്ക് നിർവഹണ ഏജൻസിയായ റോഡ് ഫണ്ട് ബോർഡ് സെലക്ഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. 18 മാസമാണ് നിർമ്മാണ കാലാവധി. ഒരു മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

 '' ജങ്കാർ സർവീസ് തുടരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ മുൻകൈയെടുക്കും. ഇതിന് മൺറോത്തുരുത്ത് പഞ്ചായത്ത് അധികൃതർ അടക്കമുള്ളവരോട് വൈകാതെ ചർച്ച നടത്തും.''

എം. മുകേഷ് എം.എൽ.എ