covid

 നിരോധനാജ്ഞയിലും ആൾക്കൂട്ട നിയന്ത്രണം പാളി

കൊല്ലം: കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടും സ്വയം പ്രതിരോധത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിൽ ആരോഗ്യവകുപ്പ്. കൊവിഡ് പ്രതിരോധ നി‌ർദേശങ്ങൾ പാലിക്കാത്തതാണ് രോഗവ്യാപനം വർ‌ദ്ധിക്കാൻ ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

ആൾക്കൂട്ട നിയന്ത്രണത്തിന് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടും നിരത്തിൽ ആളൊഴിയുന്നില്ല. ബാങ്കുകൾ, വിവിധ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ ആൾക്കൂട്ടങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിക്കുകയാണ്. ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനമെങ്കിലും പുറത്ത് കാത്ത് നിൽക്കുന്നവർക്കിടയിലെ സ്ഥിതി വിപരീതമാണ്.

ചില ബാങ്കുകൾക്ക് മുന്നിൽ രാവിലെ ഒൻപതിന് മുന്നേ തിരക്കേറുകയാണ്. പെൻഷൻ ഉൾപ്പെടെ വാങ്ങാനെത്തുന്ന സാധാരണക്കാരന് കൊവിഡും നിരോധനാജ്ഞയും ജീവിത ബുദ്ധിമുട്ടുകൾക്ക് മുന്നിൽ കാര്യമല്ലാതാകുന്നു. ഇവർക്കെതിരെ നിരോധനാജ്ഞാ ലംഘനത്തിന് കേസെടുക്കുന്നതിന് പൊലീസിനും പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

ഉപഭോക്താക്കളെ നിയന്ത്രിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയെങ്കിലും കാര്യങ്ങൾ നിയന്ത്രണവിധേയമല്ല. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പ് ആവർത്തിക്കുകയാണ് ആരോഗ്യ വകുപ്പ്.


 അകലമില്ലാതെ ആയിരത്തിനരികെ

നിലവിലെ സാഹചര്യം തുടർന്നാൽ അധികം വൈകാതെ തന്നെ ജില്ലയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരം കവിയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. 900 പേർക്ക് ഗൃഹ ചികിത്സ നൽകിയാലും ശേഷിക്കുന്ന 100 പേർക്ക് ആശുപത്രി സേവനം ലഭ്യമാക്കിയേ മതിയാകൂ. ഇതിനായി പഴയ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ ഉൾപ്പെടെ കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഏർ‌പ്പെടുത്തുകയാണ്. അതീവ ഗുരുതര സാഹചര്യത്തിലുള്ളവർക്ക് മാത്രമാണ് കൊല്ലം ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശനം. പ്രതിദിനം 100 രോഗികൾക്ക് ആശുപത്രി സൗകര്യം ഒരുക്കേണ്ടി വന്നാൽ തന്നെ ഒരു മാസത്തിനുള്ളിൽ ജില്ലയിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളിയിലേക്ക് നീങ്ങും. ഇതിനെ മറികടക്കാൻ രോഗികളുടെ എണ്ണം വർദ്ധിക്കാതെ നോക്കുക മാത്രമാണ് ഏക മാർഗം.

 രോഗികൾ കൂടിയാൽ കുഴയും

1. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാൻ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ലഭിക്കുന്നില്ല

2. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചാൽ സമ്പർക്ക പട്ടികയിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ടിവരും

3. സർക്കാർ മേഖലയിൽ ആരോഗ്യ പ്രവർത്തകർക്ക് ക്ഷാമം

4. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഡോക്ടർ ഉൾപ്പെടെയുള്ളവരെ ലഭിക്കുന്നില്ല

5. രോഗികളുടെ എണ്ണം ഉയർന്നാൽ കൊവിഡ് മാത്രമല്ല, മറ്റ് ചികിത്സകളും ബുദ്ധിമുട്ടിലാകും

''

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളോട് പരമാവധി സഹകരിക്കുക. രോഗികളുടെ എണ്ണം ഉയർന്നാൽ കാര്യങ്ങൾ എളുപ്പമാകില്ല.

ആരോഗ്യവകുപ്പ്