photo
തകർന്ന് വീഴാറായ വീടിന് മുന്നിൽ നാരായണപിള്ളയും മകൾ ഷീജയും

കരുനാഗപ്പള്ളി: ഏതുനിമിഷവും തകർന്ന് വീഴാവുന്ന ഈ കൂരയിലാണ് കാൻസർ രോഗിയായ വയോധികനും മകളും രണ്ട് കൊച്ചു മക്കളും അടങ്ങുന്ന കുടുംബം വർഷങ്ങളായി താമസിക്കുന്നത്. അടച്ചുറപ്പുള്ള ഒരു കൂരയ്ക്ക് വേണ്ടി ആദിനാട് വടക്ക് പുത്തൻകണ്ടത്തിൽ നാരായണപിള്ള (71) കയറിയിറങ്ങാത്ത വാതിലുകളില്ല. മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലാണ് വീട്. മഴക്കാലമായാൽ മകളും പേരക്കുട്ടികളുമായി നാരായണപിള്ള വീടിന്റെ തിണ്ണയിലാണ് അന്തിയുറങ്ങുന്നത്. രണ്ട് മുറിയും അടുക്കളയുമുള്ള വീടിന്റെ മുകൾഭാഗം പൂർണമായും തകർന്നിരിക്കുകയാണ്. നാട്ടുകാർ മുൻകൈയെടുത്ത് വീടിന് മുകളിൽ താത്കാലികമായി ടാർപ്പാളിൻ കെട്ടിയിരിക്കുകയാണ്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും വീട് ലഭിച്ചില്ലെന്നാണ് നാരായണപിള്ളയുടെ പരാതി. കട്ടച്ചൂളയിലെ തൊഴിലാളിയായിരുന്ന നാരായണപിള്ളയെ വർഷങ്ങൾക്ക് മുൻപാണ് കാൻസർ പിടികൂടിയത്. മകൻ മരിച്ചതോടെ ജീവിതം ദുരിത പൂർണമായി. മൂന്ന് വർഷത്തിന് മുമ്പ് ഭാര്യയും മരിച്ചു. ശേഷിച്ച മകളും രണ്ട് പേരക്കുട്ടികളുമായി ദുരിത ജീവിതം നയിക്കുകയാണ് ഈ വയോധികൻ. പ്ലസ്ടുവിന് പഠിക്കുന്ന പേരക്കുട്ടികളിൽ മൂത്തവൾക്ക് ഹൃദയ സംബന്ധമായ രോഗമാണ്. ഇളയ പേരക്കുട്ടി പത്താം ക്ലാസിലാണ്.

ലൈഫ് മിഷൻ പദ്ധതി

മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത ദുരവസ്ഥയിൽ കഴിയുമ്പോൾ നാട്ടുകാരുടെ സഹായം കൊണ്ടുമാത്രമാണ് നാരായണപിള്ളയും മകളും കൊച്ചുമക്കളും ഭക്ഷണം കഴിക്കുന്നത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും വീട് ലഭിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

പ്രായമായ പേരക്കുട്ടികളുമായി വീടിന്റെ തിണ്ണയിൽ കിടക്കേണ്ടി വരുന്ന വയോധികന്റെ അവസ്ഥ അധികൃതർ ഇനിയെന്നാണ് കാണുക.