തകർന്നടിഞ്ഞ് തീരദേശ പാത
കൊല്ലം: കൊച്ചുപിലാംമൂട് - ഇരവിപുരം തീരദേശ റോഡിന്റെ കൊല്ലം ബീച്ച് മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള ഭാഗത്ത് സാധാരണ ജനങ്ങൾക്ക് യാത്ര അസാധ്യം. പൊട്ടിപ്പൊളിഞ്ഞ് തോടിന് സമാനമായ റോഡിന്റെ ഒരുവശം ഏതുനിമിഷവും കൊല്ലം തോട്ടിലേക്ക് പതിക്കാവുന്ന നിലയിലാണ്. അതുകൊണ്ട് തന്നെ സാഹസികയാത്രയ്ക്ക് ധൈര്യമുള്ളവർക്ക് മാത്രമേ ഭീതി കൂടാതെ ഇതുവഴി സഞ്ചരിക്കാനാകൂ.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. ഇരവിപുരം, താന്നി ക്ഷേത്രം, മയ്യനാട് റൂട്ടുകളിലേക്ക് മൂന്ന് സ്വകാര്യ ബസുകൾ ഓടിയിരുന്നെങ്കിലും റോഡ് തകർന്നതോടെ ഇവയെല്ലാം സർവീസ് നിറുത്തി. ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം പുനഃസ്ഥാപിച്ചപ്പോഴും ഇതുവഴിയുള്ള സർവീസ് പുനരാരംഭിച്ചില്ല.
കടലാക്രമണത്തിൽ തകർന്ന കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം വരെയുള്ള റോഡിൽ ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ നേതൃത്വത്തിൽ 3.12 കോടി രൂപയുടെ പുനർനിർമ്മാണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം നഗരത്തിൽ നിന്ന് തീരദേശത്തേക്ക് കടക്കുന്ന കൊച്ചുപിലാംമൂട് - മുണ്ടയ്ക്കൽ പാലം വരെയുള്ള ഭാഗം കൂടി ഗതാഗത യോഗ്യമാക്കിയാലേ തീരദേശപാത നാട്ടുകാർക്ക് പ്രയോജനം ചെയ്യൂ.
കൊല്ലം തോട് നവീകരണം വിനയായി
ദേശീയ ജലപാതാ വികസനത്തിന്റെ ഭാഗമായുള്ള കൊല്ലം തോട് നവീകരണമാണ് ഈ റോഡിന്റെ ശനിദശയ്ക്ക് കാരണമായത്. തോട് നവീകരണത്തിന്റെ ഭാഗമായുള്ള മണ്ണെടുപ്പും ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെയും ടിപ്പർ ലോറികളുടെയും നിരന്തര സഞ്ചാരവും റോഡിന്റെ വശങ്ങൾ ഇടിയാനും കുഴികൾ രൂപപ്പെടാനും കാരണമായി. തീരദേശ പാതയുടെ ഭാഗമായി വീതികൂട്ടി ബി.എം ആൻഡ് ബി.സി മാതൃകയിൽ നവീകരിക്കാനുള്ള പദ്ധതി വന്നതിനാൽ മെയിന്റനൻസും നടന്നില്ല.
എസ്റ്റിമേറ്റ് പുതുക്കണം
കിഫ്ബി പദ്ധതിയുടെ ഭാഗമായി കല്ലുപാലം വരെയുള്ള റോഡ് നവീകരണ പദ്ധതിയിൽ കൊച്ചുപിലാംമൂട്- മുണ്ടയ്ക്കൽ പാലം റോഡും ഉൾപ്പെട്ടിട്ടുണ്ട്. ബി.എം ആൻഡ് ബി.സി മാതൃകയിൽ നവീകരിക്കുന്നതിന് റോഡിന്റെ വീതി കൂട്ടേണ്ടതായി വന്നപ്പോൾ ദേശീയ ജലപാത കൈയേറിയെന്ന പേരിൽ ഇൻലാൻഡ് നാവിഗേഷൻ എതിർപ്പുമായി രംഗത്തെത്തി. എം. നൗഷാദ് എം.എൽ.എ ഇടപെട്ട് തർക്കം പരിഹരിച്ചെങ്കിലും റോഡിന്റെ അളവിൽ വ്യത്യാസം വന്നതോടെ കരാർ കമ്പനി എസ്റ്റിമേറ്റ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടു. ഇനി പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചാലേ റോഡിന്റെ നിർമ്മാണം നടത്താനാകൂ.
റോഡ് നിർമ്മാണത്തിന് കരാറെടുത്ത കമ്പനി എസ്റ്റിമേറ്റ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്.അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും.
എം.നൗഷാദ് എം.എൽ.എ
റോഡ് തകർന്ന് കിടക്കുന്നതിനാൽ ഓട്ടോറിക്ഷ പോലും തീരദേശത്തേക്ക് വരാത്ത സ്ഥിതിയാണ്. കടലാക്രമണവും കൊല്ലം തോട് നവീകരണവുമാണ് തീരദേശ റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമായത്.
അഭിഷേക്,ബി.ജെ.പി മുണ്ടയ്ക്കൽ മേഖലാ പ്രസിഡന്റ്