 
ജലവിതരണ സംവിധാനം താറുമാറായി
തഴവ: ജലസംഭരണ - വിതരണ സംവിധാനത്തിലെ തകരാർ മൂലം പാവുമ്പയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
പാവുമ്പ പറങ്കിമാംവിള, ആലുംമൂട് ജംഗ്‌ഷൻ, പാലമൂട്, മണപ്പള്ളി അഴയകാവ് ജംഗ്ഷൻ, തഴവ ഗ്രാമ പഞ്ചായത്ത് ജംഗ്ഷൻ എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രധാന ജല വിതരണ പദ്ധതികളെയാണ് ഗ്രാമവാസികൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇതിൽ പാലമൂട് ജംഗ്ഷനിലെ അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും പമ്പ് ഹൗസുമൊഴികെ മറ്റെല്ലാം അരനൂറ്റാണ്ടോളം പഴക്കമുള്ളവയാണ്. പാവുമ്പയിലെ ഭൂരിഭാഗം കുടുംബങ്ങളും കുടിവെള്ളത്തിനായി ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളെയാണ് ആശ്രയിക്കുന്നത്. പമ്പിംഗിന്റെ ശക്തി വർദ്ധിപ്പിച്ചാൽ മാത്രമേ ഉയർന്ന പ്രദേശമായ പാവുമ്പയിലെ എല്ലാ മേഖലകളിലും കുടിവെള്ളം എത്തിക്കാൻ സാധിക്കൂ. എന്നാൽ നിലവിലെ ജലവിതരണ സംവിധാനത്തിൽ ഇത് പ്രായോഗികമല്ലെന്നാണ് ജീവനക്കാർ പറയുന്നത്.
എ.സി പൈപ്പ് മാറ്റി പി.വി.സി
പൈപ്പ് സ്ഥാപിക്കണം
തഴവ പാവുമ്പ മേഖലകളിൽ ഇരുപത്തിനാല് കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകളിൽ ഭൂരിഭാഗവും എ.സി (ആസ്ബസ്റ്റോസ് സിമന്റ്) പൈപ്പുകളാണ്. ഏകദേശം നാൽപ്പത്തി അഞ്ച് വർഷം മുൻപ് നൈജീരിയയിൽ നിന്ന് ഇറക്കുമതി ചെയ്ത എച്ച്.ഡി.പി പൈപ്പ്, ചവറ പ്രിമോ ഫാക്ടറിയിൽ നിർമ്മിച്ച പൈപ്പ് എന്നിവയാണ് തഴവയിൽ ഇപ്പോഴും ജലവിതരണത്തിനായി ഉപയോഗിക്കുന്നത്. കാലപ്പഴക്കം വർദ്ധിച്ചതോടെ മർദ്ദം താങ്ങാൻ കഴിയാതെ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെടുന്നത് പതിവ് സംഭവമാണ്. പഴയ എ.സി പൈപ്പുകൾ മാറ്റി
പി.വി.സി പൈപ്പ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാലാനുസൃത നവീകരണം വേണം
അരനൂറ്റാണ്ടിന് മുൻപുള്ള ജല വിതരണ സംവിധാനങ്ങളാണ് തഴവയിൽ ഇപ്പോഴുമുള്ളത്. ഗാർഹിക കണക്ഷനുകളിൽ ഇരുപതിരട്ടി വരെ വർദ്ധനവുണ്ടായപ്പോഴും കാലാനുസൃതമായ നവീകരണത്തിന് നടപടി ഉണ്ടായില്ല. പമ്പ്ഹൗസുകളിൽ സ്ഥാപിച്ചിട്ടുള്ള വാൽവുകളുടെ നാലിലൊന്ന് ശേഷി മാത്രം പമ്പിംഗിന് ഉപയോഗിച്ചും ടാങ്കുകളിൽ ശേഖരിക്കുന്ന കുടിവെള്ളത്തിന്റെ അളവ് കുറച്ചുമാണ് നിലവിൽ പൈപ്പ് ലൈനുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നത്. ഇതുകൊണ്ടുതന്നെ കുറച്ച് വെള്ളം ശേഖരിക്കാനായി ഒരുപാട് നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണെന്ന് പ്രദേശവാസികൾ പറയുന്നു.
വെള്ളം ശേഖരിക്കാനായി ഒരുപാട് നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കുടിവെള്ളത്തിനായി ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളെയാണ് ആശ്രയിക്കുന്നത്. പമ്പിംഗിന്റെ ശക്തി വർദ്ധിപ്പിച്ചാൽ മാത്രമേ കുടിവെള്ളപ്രശ്നം പരിഹരിക്കാനാവൂ
പ്രദേശവാസികൾ