meen

 ജില്ലയിലെ ഹാർബറുകളെല്ലാം അടഞ്ഞു

കൊല്ലം: ജില്ലയിലെ ഹാർബറുകൾ അടഞ്ഞതോടെ ചന്തകളിൽ വരത്തൻ മത്സ്യത്തിന്റെ ചാകര. നേരത്തെ ലോക്ക് ഡൗണിന് ശേഷം തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ മത്സ്യം എത്തിയിരുന്നത്. ഇപ്പോൾ ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ മത്സ്യം എത്തുകയാണ്.

അലപ്പുഴ, എറുണാകുളം, പൊന്നാനി, വിഴിഞ്ഞം എന്നിവിടങ്ങളിൽ പോയി ഒരു വിഭാഗം കച്ചവടക്കാർ പച്ചമത്സ്യം ജില്ലയിലേക്ക് കൊണ്ടുവരുന്നുണ്ട്. വിഴിഞ്ഞത്ത് ഇന്നലെ ഒരു കിലോ ചൂര 200 രൂപയായിരുന്നു. ഹാർബർ അടയ്ക്കുന്നതിന് മുൻപ് കൊല്ലം തീരത്ത് 180 രൂപയായിരുന്നു. അയലയ്ക്ക് 220 രൂപയും. എന്നാൽ ഇതിനേക്കാൾ വിലക്കുറവിലാണ് വരത്തൻ മത്സ്യം വിൽക്കുന്നത്. അതുകൊണ്ട് തന്നെ കച്ചവടക്കാരിൽ വലിയൊരു വിഭാഗവും ഇതര സംസ്ഥാന മത്സ്യങ്ങൾ കൂടുതൽ എത്തുന്ന കമ്മിഷൻ കടകളെ ആശ്രയിക്കുകയാണ്.

ജില്ലയിലെ ഹാർബറുകളെല്ലാം അടഞ്ഞതോടെ ജില്ലയിലേക്ക് എത്തുന്ന ഇതര സംസ്ഥാന മത്സ്യത്തിന്റെ അളവ് വർദ്ധിച്ചിട്ടുണ്ട്. ഒപ്പം വിലയും. ശക്തികുളങ്ങര ഹാർബർ അടച്ചെങ്കിലും നേരത്തെ കടലിലേക്ക് പോയ ബോട്ടുകൾ അടുക്കാൻ കുറച്ച് ദിവസം കൂടി നൽകിയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇങ്ങനെയുള്ള ബോട്ടുകൾ എത്തിയിരുന്നു. ഇനി ബോട്ടുകൾ വരാനില്ലാത്തതിനാൽ വരും ദിവസങ്ങളിൽ നാടൻ മത്സ്യത്തിന്റെ ലഭ്യത തീരെ കുറയും. ക്രമേണ വരത്തൻ മത്സ്യത്തിന്റെ വില ഉയരാനും സാദ്ധ്യതയുണ്ട്.

 അന്തിപ്പച്ച ഷെഡിലായി

ഹാർബറുകൾ അടഞ്ഞതോടെ മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന അന്തിപ്പച്ചകളും ഷെഡിൽ കയറ്റിയിരിക്കുകയാണ്. മറ്റ് ജില്ലകളിൽ നിന്ന് അവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനൊപ്പം വിലയും കൂടുതലായതിനാലാണ് അന്തിപ്പച്ചകളുടെ കച്ചവടം താത്കാലികമായി നിറുത്തിയത്. മത്സ്യഫെഡിന്റെ സ്റ്റാളുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

 അന്യസംസ്ഥാന മത്സ്യങ്ങളുടെ വില (കിലോ)

 ചൂര: 120-130

 മക്രോണി ചാള: 120

 കരിച്ചാള: 80

 അയല:140

 ആവോലി: 250- 300