 
ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ മൂന്നാംഘട്ടം കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തുകൊണ്ട് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. മധുസൂദനൻപിള്ള, ചിറക്കര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അശോകൻപിള്ള, ഏലാസമിതി കൺവീനർ രാധാകൃഷ്ണൻ, ശ്രീധർ, സുഭാഷ്ചന്ദ്രബോസ്, കൃഷി ഓഫീസർ ലീന, അസി. കൃഷി ഓഫീസർ ഉണ്ണിക്കൃഷ്ണപിള്ള, കൃഷി അസിസ്റ്റന്റ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിൽ പതിനാറ് വാർഡുകളിലെ 43,730 തെങ്ങുകൾക്കായി 6. 25 ലക്ഷം രൂപയുടെ ആനുകൂല്യമാണ് പദ്ധതി വഴി ലഭ്യമാക്കുന്നത്.
 വളത്തിനുള്ള പെർമ്മിറ്റുകൾ
ചിറക്കര പഞ്ചായത്തിൽ പദ്ധതി പ്രകാരം വളത്തിനായുള്ള പെർമ്മിറ്റുകൾ കേരസമിതികൾ മുഖേന വിതരണം ചെയ്ത് തുടങ്ങി. ഇതിനായി വാർഡ്തല കൺവീനർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ന് നെടുങ്ങോലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നാളെ ചിറക്കര കൃഷിഭവനിലും 9ന് ഗ്രാമപഞ്ചായത്ത് ഓഫീസിലും പെർമ്മിറ്റുകൾ വിതരണം ചെയ്യും.